രാജ്യത്തെ എല്ലാ പൊതു ഗതാഗതത്തിനും ഇനി മുതല്‍ ഒറ്റ കാര്‍ഡ്

ന്യൂഡല്‍ഹി: ഒറ്റ കാര്‍ഡിലൂടെ എല്ലാവിധ യാത്രകളും നടത്താനാകുന്ന ‘ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്’ പദ്ധതിക്ക് ഡല്‍ഹി മെട്രോയില്‍ തുടക്കം. രാജ്യത്തെ എല്ലാ പൊതുഗതാഗത സംവിധാനത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന കാര്‍ഡാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. യാത്രാ ടിക്കറ്റുകള്‍ക്കു വേണ്ടി ക്യൂ നില്‍ക്കുന്ന സമയം ലാഭിക്കാന്‍ സാധിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഡല്‍ഹി മെട്രോയിലെ മജന്താ ലൈനില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതോടെ ഈ സംവിധാനം നിലവിലുള്ള ലോകത്തെ ഏഴു ശതമാനം മെട്രോ റെയില്‍ ശൃംഖലയിലേക്ക് ഡല്‍ഹി മെട്രോയും കടന്നു. രാജ്യത്ത് ആദ്യമായാണ് ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് നടത്തുന്നത്. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മെജന്ത ലെയ്‌നിലാണു (37 കിലോമീറ്റര്‍) ഡ്രൈവറില്ലാത്ത മെട്രോ ആദ്യമായി സര്‍വീസ് നടത്തുന്നത്. താമസിയാതെ പിങ്ക് ലൈനിലും ഈ സംവിധാനം ഏര്‍പ്പെടുത്തും.

2014 ല്‍ അഞ്ച് നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന മെട്രോ റെയില്‍ ഇന്ന് 18 നഗരങ്ങളില്‍ ലഭ്യമാണ്. 2025 ഓടെ മെട്രോ ട്രെയിന്‍ സര്‍വീസ് 25 ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 2014 ല്‍ 248 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാത ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ മൂന്നുമടങ്ങ്, അതായത് 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയുണ്ട്. 2025 ഓടെ ഇത് 1700 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സമ്പ്രദായം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഡല്‍ഹിയും മീററ്റും തമ്മിലുള്ള ദൂരം ഒരു മണിക്കൂറായി കുറയും. യാത്രക്കാരുടെ എണ്ണം കുറവായ നഗരങ്ങളില്‍ മെട്രോ ലൈറ്റ് പദ്ധതി പുരോഗമിക്കുകയാണ്. സാധാരണ മെട്രോ ചെലവിന്റെ 40% വിനിയോഗിച്ച് മെട്രോ ലൈറ്റ് പദ്ധതി നടപ്പാക്കാനാവും. യാത്രക്കാര്‍ വളരെ കുറഞ്ഞ നഗരങ്ങളില്‍ മെട്രോ നിയോ പദ്ധതി നടപ്പാക്കും. ഇതിന് സാധാരണ മെട്രോ ചെലവിന്റെ 25 ശതമാനം മാത്രം മതിയാകും. ജലഗതാഗത സൗകര്യമുള്ള നഗരങ്ങളില്‍ ജലമെട്രോ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്(എന്‍സിഎംസി) ധനമന്ത്രി നിര്‍മല സീതാരാമന്റെ കന്നി ബജറ്റിലാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം റോഡ്, റെയില്‍ യാത്രയ്ക്കും മെട്രോ, ബസ്, സബര്‍ബന്‍ റെയില്‍വേ, ടോള്‍, പാര്‍ക്കിങ് തുടങ്ങിയവയ്ക്കും റീട്ടെയ്ല്‍ ഷോപ്പിങ്ങിനും പണമടയ്ക്കാന്‍ ഒറ്റ കാര്‍ഡ് എന്ന പദ്ധതിയാണിത്. തുടക്കത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി) കീഴിലുള്ള എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലാണു ഇത് ഏര്‍പ്പെടുത്തിയത്. 2022 ഓടെ ഡല്‍ഹി മെട്രോയിലെ എല്ലാ ലൈനുകളിലും ഈ സംവിധാനം നിലവില്‍ വരുമെന്ന് ഡിഎംആര്‍സി വക്താവ് അറിയിച്ചു.

Top