100 കോടി വാക്‌സിന്‍ വിതരണം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: ഇന്ത്യ 100 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ കൊയ്തതെന്നും കുവൈത്ത് ഉള്‍പ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച കോവിഡ് വാക്സിന്‍ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ലോകത്തിന്റെ ആരോഗ്യ പരിചരണ കേന്ദ്രമാകുന്നു’ എന്ന തലക്കെട്ടിലാണ് പരിപാടി നടത്തിയത്. വാക്സിന്‍ എടുക്കേണ്ടതായ ജനസംഖ്യയില്‍ 75 ശതമാനം പേര്‍ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു.40 ആഴ്ച കൊണ്ടാണ് 100 കോടി ഡോസ് വാക്സിനേഷന്‍ നടത്തിയത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആരോഗ്യജീവനക്കാരുടെ കഠിന പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്താകെ മൂന്നുലക്ഷത്തിലേറെ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 74 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണെന്നതും ശ്രദ്ധേയമാണെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ്, 100 കോടി ഡോസ് വാക്സിന്‍ കുറഞ്ഞകാലം കൊണ്ട് രാജ്യം വിതരണം ചെയ്തു എന്നതെന്ന് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീര്‍ അഹ്മദ് പറഞ്ഞു. ഇന്ത്യയുടെ ഈ നേട്ടത്തെ കുവൈത്തിലെ മറ്റു രാജ്യക്കാരിലേക്ക് എത്തിക്കാന്‍ നാം ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. എംബസി ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹ്മദ് ഖാന്‍ സൂരി സ്വാഗതം പറഞ്ഞു.

 

Top