നൂറ് കോടി ഉപയോക്താക്കള്‍ ആൻഡ്രോയിഡ് വിട്ട് ഐഫോണിലെത്തുമെന്ന് പ്രവചനം

ഫോണ്‍ എസ്ഇ 5ജി (2022) വരുമ്പോള്‍ നൂറു കോടിയിലേറെ ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡ് ഫോൺ ഉപേക്ഷിച്ച് ആപ്പിളിനൊപ്പം ചേരുമെന്ന് പ്രവചനം. മുൻനിര ഗവേഷണ കമ്പനിയായ ജെപി മോര്‍ഗന്‍ ആണ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്. വിശകലന വിദഗ്ധരുടെ പ്രവചനം ശരിയാകുമെങ്കില്‍ അത് സാംസങ്, ഷഓമി, വാവെയ് തുടങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളെ നിലംപരിശാക്കിയേക്കും. പ്രീമിയം ഫോണുകളുടെ വില്‍പനയിലാണ് ആപ്പിളിന്റെ ഇപ്പോഴത്തെ മേല്‍ക്കോയ്മ. ഇനി ഇത് മധ്യനിര ഫോണുകളിലേക്കും എത്തുമെന്നാണ് ജെപി മോര്‍ഗന്‍ പറഞ്ഞുവയ്ക്കുന്നത്.

പഴയ ഫോണും പണവും നല്‍കി പുതിയ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്ന പദ്ധതികളെയാണ് ട്രേഡ്-ഇന്‍ പ്രോഗ്രാമുകള്‍ എന്നു വിളിക്കുന്നത്. നിലവില്‍ പഴയ ഐഫോണുകള്‍ ട്രേഡ്-ഇന്‍ നടത്തിയാല്‍ ലഭിക്കുന്ന വില ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് നല്‍കുന്നില്ല. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പരമാവധി ലഭിക്കാവുന്ന വില ഏകദേശം 269 മുതല്‍ 399 ഡോളര്‍ വരെയാണ്. പക്ഷേ, ഇത് ഐഫോണ്‍ എസ്ഇയുടെ കാര്യത്തില്‍ മികച്ച ഓഫറായിരിക്കുമെന്നാണ് വിശകലന വിദഗ്ധനായ സമിക് ചാറ്റര്‍ജി പറയുന്നത്. തന്റെ മുന്‍ പ്രവചനങ്ങളുടെ കൃത്യതയ്ക്ക് 5 സ്റ്റാറും ലഭിച്ചയാളാണ് സമിക്. ഐഫോണ്‍ എസ്ഇ മോഡലിന്റെ തുടക്ക വേരിയന്റിന്റെ വില 399 ഡോളറാണ്. ട്രേഡ്-ഇന്‍ ഓഫര്‍ സ്വീകരിച്ച് 140 കോടിയോളം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആപ്പിളിനൊപ്പം ചേരുമെന്നാണ് സമിക് പ്രവചിക്കുന്നത്.

ഐഫോണ്‍ 13 ശ്രേണിയുടെ തുടക്ക വില 799 ഡോളറും, ഐഫോണ്‍ 13 പ്രോ മോഡലിന്റേത് 999 ഡോളറുമാണ്. ഇത് ആന്‍ഡ്രോയിഡ് ഫോണ്‍ ട്രേഡ്-ഇന്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ വിലകള്‍ അല്ല. അതേസമയം, 5ജി ഉള്ള ഒരു ഐഫോണ്‍ ലഭിക്കാന്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണും കുറച്ചു തുകയും കൂടി നല്‍കിയാല്‍ മതിയെങ്കില്‍ പലരും ആ വഴിക്കു ചിന്തിക്കുമെന്നാണ് പ്രവചനം. അടുത്ത് ഇറക്കാനിരിക്കുന്ന ഐഫോണ്‍ എസ്ഇ (2022) 30 ദശലക്ഷം എണ്ണം വില്‍ക്കുമെന്നാണ് ജെപി മോര്‍ഗന്റെ പ്രവചനം. ഇതടക്കം അടുത്ത വര്‍ഷം മൊത്തം 25 കോടി ഐഫോണുകള്‍ വില്‍ക്കുമെന്നും അവര്‍ പ്രവചിക്കുന്നു.

Top