സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിനെക്കുറിച്ച് പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കി കേന്ദ്രസര്‍ക്കാര്‍. മുഖ്യപ്രതികളിലൊരാള്‍ സ്വാധീനമുള്ളയാളാണെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും യുക്തവും ശരിയായതുമായ അന്വേഷണം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ആണ് പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയത്. യുഡിഎഫ് എംപിമാരുടെ ചോദ്യത്തിനായിരുന്നു മറുപടി.

ഒരു നയതന്ത്രബാഗില്‍ സ്വര്‍ണമുണ്ടെന്ന് സംശയിക്കുന്നതായി 2020 ജൂലായില്‍ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതെന്ന് അനുരാഗ് ഠാക്കൂര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കേസിനെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ സമയത്ത് വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2015 ഏപ്രില്‍ ഒന്നുമുതല്‍ നാളിതുവരെ രാജ്യത്ത് 3122.82 കോടി രൂപ വിലയുള്ള കള്ളക്കടത്ത് സ്വര്‍ണം വിവിധ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വിവിധ വിമാനത്താവളങ്ങളിലായി 16,555 സ്വര്‍ണക്കള്ളക്കടത്ത് പിടിക്കൂടിയിട്ടുണ്ട്. ആകെ 11049.693 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 8401 ആളുകളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിലെ രണ്ട് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പി.എം.എല്‍.എ.) പ്രകാരം എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചതിന് 1999-ലെ ഫെമ നിയമപ്രകാരം രാജ്യത്താകെ അഞ്ചുകേസുകള്‍ ഇ.ഡി. അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top