ഒരിക്കല്‍ പ്രേക്ഷകരുമായി കണക്ട് ആയാല്‍ അത് എന്നും നിലനില്‍ക്കും; വിജയ് സേതുപതി

മുംബൈ: ആദ്യത്തെ രണ്ട് ചിത്രങ്ങളോടെ ഹിന്ദി സിനിമയിലെ തന്റെ അഭിനയം അവസാനിപ്പിക്കണം എന്ന് കരുതിയിരുന്നെന്ന് വിജയ് സേതുപതി. തന്റെ ഹിന്ദി സംസാരിക്കാനുള്ള കഴിവില്‍ വിശ്വാസമില്ലാത്തതിനാലാണ് ഇത്തരത്തില്‍ തീരുമാനിച്ചത് എന്നും വിജയ് പറയുന്നു. എന്നാല്‍ തന്നെ ഹിന്ദി പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞു. സീരിസായ ഫര്‍സിക്കും, ഷാരൂഖാന്റെ ചിത്രം ജവാനും ശേഷം ഇപ്പോള്‍ ബോളിവുഡിലും പരിചിതനാണ് അദ്ദേഹം. മെറി ക്രിസ്മസ് എന്ന ചിത്രമാണ് ബോളിവുഡില്‍ അടുത്തതായി വിജയ് സേതുപതിയുടെതായി റിലീസാകാന്‍ പോകുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക.

2023 ല്‍ മുബൈംകാര്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ബോളിവുഡില്‍ എത്തിയത്. ഒടിടി റിലീസായി എത്തിയ ചിത്രം ലോകേഷ് കനകരാജിന്റെ മാ നഗരത്തിന്റെ റീമേക്ക് ആയിരുന്നു. സന്തോഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അതിന് പിന്നാലെ നിശബ്ദ ചിത്രമായ ഗാന്ധി ടോക്ക് എന്ന ചിത്രത്തിലും വിജയ് സേതുപതി അഭിനയിച്ചു. എന്നാല്‍ ജവാന്‍ ആയിരുന്നു ബോക്‌സോഫീസില്‍ വിജയ് സേതുപതിയുടെ റോള്‍ അടയാളപ്പെടുത്തിയ വേഷം. മെറി ക്രിസ്മസ് പ്രമോഷന്റെ ഭാഗമായി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞത് ഇതാണ്, ‘എനിക്ക് ഇവിടെ കിട്ടുന്ന സ്വീകാര്യത ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്റെ ഹിന്ദിയില്‍ എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നു. മുംബൈകാര്‍, ഗാന്ധി ടോക് എന്നിവയ്ക്ക് വേണ്ടി സമീപിച്ചപ്പോള്‍ ഇത് രണ്ടും ചെയ്യാം കൂടുതല്‍ ഒന്നും വേണ്ടെന്നാണ് തീരുമാനിച്ചത്. പിന്നീട് ഫര്‍സിയും ജവാനും വന്നു.

എന്റെ ഹിന്ദി കേട്ട് പ്രേക്ഷകര്‍ ട്രോളും എന്നാണ് ഞാന്‍ കരുതിയത്. ഫര്‍സിയുടെ സഹ സംവിധായകയോട് ഇത് ഞാന്‍ ചോദിച്ചു, അവര്‍ എന്നെ ട്രോളുമോ എന്നാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടും എന്നാണ് മറുപടി കിട്ടിയത്. എന്റെ കളിയാക്കലുകള്‍ ജനങ്ങള്‍ ആസ്വദിച്ചു. ഒരിക്കല്‍ പ്രേക്ഷകരുമായി കണക്ട് ആയാല്‍ അത് എന്നും നിലനില്‍ക്കും’ – വിജയ് സേതുപതി പറയുന്നു.

അതേ സമയം വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തുന്ന മെറി ക്രിസ്മസ് ജനുവരി 12ന് റിലീസ് ആകുകയാണ്. തമിഴിലും ഹിന്ദിയിലും വ്യത്യസ്ത കാസ്റ്റ് വച്ച് ഒരേ സമയം ചിത്രീകരിച്ച ചിത്രമാണ് മെറി ക്രിസ്മസ്. ഒരു ടൈം ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് മെറി ക്രിസ്മസ് എന്നാണ് സൂചന. ശ്രീറാം രാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Top