മുംബൈ ഗൊരെഗാവ് ഫിലിം സിറ്റിയില്‍ വീണ്ടും പുലിയിറങ്ങി

മുംബൈ: ഗൊരെഗാവ് ഫിലിം സിറ്റിയില്‍ പുലിയിറങ്ങി. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെ ബുധനാഴ്ചയാണ് പുലിയും കുഞ്ഞും ഫിലിം സിറ്റിയിലെത്തിയത്. അതേസമയം പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം പതിനെട്ടിന് ഫിലിം സിറ്റിയില്‍ പുലി പട്ടിയെ കൊന്നു. ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ ശര്‍മ പറഞ്ഞു.

പുലി വരുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പുലി ഫിലിം സിറ്റിയിലെത്തിയപ്പോള്‍ ഇരുനൂറോളം പേര്‍ അവിടെയുണ്ടായിരുന്നുവെന്ന് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ ഗുപ്ത പറഞ്ഞു. പുലി വീണ്ടും ഫിലിം സിറ്റിയിലെത്തുന്നത് തടയുന്നതിനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും സുരേഷ് ശ്യാംലാല്‍ ആവശ്യപ്പെട്ടു.

Top