ഓണസദ്യ മാലിന്യ കുപ്പയിൽ തള്ളിയ സംഭവം: 11 തൊഴിലാളികളെയും കോർപ്പറേഷൻ തിരിച്ചെടുത്തു

തിരുവനന്തപുരം:ഓണാഘോഷത്തിനിടെ കാനയിലെ മാലിന്യം കോരുന്നതിന് ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ കുപ്പയിലെറിഞ്ഞ ശുചീകരണ തൊഴിലാളികളെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുത്തതിന് തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടതുകേന്ദ്രങ്ങളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുറത്താക്കിയ നാലുപേരെയും സസ്‌പെന്‍ഷനിലായിരുന്ന ഏഴുപേരെയും തിരിച്ചെടുക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടിയെടുത്തത്.

ഓണാഘോഷത്തിന് അനുവദിക്കാതെ മാലിന്യം ശേഖരിക്കാന്‍ പറഞ്ഞ് അയച്ചതില്‍ പ്രതിഷേധിച്ചാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ചാലാ സര്‍ക്കിളിലെ 11 ജീവനക്കാരാണ് അവര്‍ക്ക് കഴിക്കാനായി വാങ്ങിയിരുന്ന സദ്യ മാലിന്യകൂപ്പയിലെറിഞ്ഞത്. ഇതില്‍ പങ്കെടുത്ത 7 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തും നാല് താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടും മേയര്‍ ഉത്തരവിറക്കി. ഓണക്കാലത്ത് സാധാരണക്കാരായ തൊഴിലാളികളെ പട്ടിണിയിലാക്കിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. നടപടി തെറ്റെന്ന് സിപിഎമ്മും വിലയിരുത്തിയതോടെയാണ് പിന്‍വലിക്കാനുള്ള തീരുമാനം.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനാവശ്യ നിര്‍ബന്ധമാണ് പ്രതിഷേധത്തിന് വഴിവച്ചതെന്നാണ് തൊഴിലാളികളുടെ ആരോപണം. അനുവാദം വാങ്ങിയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം മൂലം ദിവസേനയുള്ള ശുചീകരണജോലികള്‍ മുടങ്ങാതിരിക്കാന്‍ പുലര്‍ച്ചെ നേരത്തെയെത്തി ജോലിപൂര്‍ത്തിയാക്കി. അതുകഴിഞ്ഞപ്പോള്‍ പഴയ മാലിന്യങ്ങള്‍ കോരാന്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. ഇതോടെ തൊഴിലാളികളെല്ലാം സദ്യകഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായതിലെ വിഷമത്തിലാണ് പ്രതിഷേധമെന്നും വിശദീകരിക്കുന്നു. ഇക്കാര്യം സിഐടിയു, സിപിഎം ജില്ലാ നേതൃത്വത്തെയും അറിയിച്ചതോടെയാണ് തിരുത്തലിന് കളമൊരുങ്ങിയത്.

Top