ഓണം വാരാഘോഷം; 31 വേദികളിലെയും ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ്, ആന്റണി രാജു എന്നിവര്‍ അറിയിച്ചു. ഒരു പരാതിയും ഉണ്ടാകാത്ത വിധമുള്ള ഒരുക്കങ്ങളാണ് വിവിധ സംഘാടക സമിതികള്‍ നടത്തിയത്. കലാപരിപാടികള്‍ നടക്കുന്ന 31 വേദികളിലെയും ഒരുക്കങ്ങള്‍ തൃപ്തികരമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന വിവിധ സംഘാടക സമിതി കണ്‍വീനര്‍മാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

വിവിധ വകുപ്പുകള്‍ എണ്ണയിട്ട യന്ത്രം പോലെയാണ് ഓണം വാരാഘോഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംഘാടനത്തില്‍ പുതുതലമുറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി. ടൂറിസം ക്ലബ്ബ് വളണ്ടിയര്‍മാരുടെ സേവനം ഇത്തവണയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തേതിലും മികച്ച ഇല്ല്യുമിനേഷന്‍ ആണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ പ്രാദേശിക കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണം വാരാഘോഷ ദിനങ്ങളില്‍ പ്രധാന വേദികളെ ബന്ധിപ്പിച്ചും മറ്റ് നഗര പാതകളിലൂടെയും രാത്രി 12 മണി വരെ ഇലക്ട്രിക് ബസ് സര്‍വീസ് ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഇലക്ട്രിക് ബസുകളില്‍ ഒരു യാത്രയ്ക്ക് 10 രൂപ മാത്രമാണ് ചാര്‍ജ്. 30 രൂപ ടിക്കറ്റ് എടുത്താല്‍ രാത്രി 12 വരെ എവിടെ വേണമെങ്കിലും ഈ ബസ്സില്‍ യാത്ര ചെയ്യാം. പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കി പരമാവധി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് പഴുതടച്ച സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഡിസിപി നിധിന്‍ രാജ് അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നഗരത്തെ ഒന്‍പത് സോണുകളായും 31 ഡിവിഷനുകളായും തിരിച്ചിട്ടുണ്ട്.

സോണുകള്‍ അസിസ്റ്റന്റ് കമ്മീഷണറന്മാരുടെയും ഡിവിഷനുകള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. സുരക്ഷയ്ക്കായി 1850 പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സൗകര്യങ്ങളെ സംബന്ധിച്ച് പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയും മറ്റു മാധ്യമങ്ങള്‍ വഴിയും സമയാസമയങ്ങളില്‍ അറിയിക്കും. പ്രധാന ഇടങ്ങളിലെല്ലാം സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഫ്തി പട്രോളിങ്ങും ഡോഗ് സ്‌ക്വാഡ് പരിശോധനയും നടത്തുന്നുണ്ടെന്നും ഡിസിപി അറിയിച്ചു.

Top