‘തിരുവോണം’; മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ramnath-kovindh

ന്യൂഡല്‍ഹി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്.

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെ മലയാളത്തില്‍ തന്നെയാണ് ഇരുവരും ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

മലയാളികളായ സഹോദരി സഹോദരന്‍മാര്‍ക്ക് ഓണാശംസകള്‍ എന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞത്. വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ സന്തോഷവും സമ്പല്‍ സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

സമൂഹത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാന്‍ ഓണാഘോഷങ്ങള്‍ക്ക് കഴിയട്ടേയെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത് ഷാ, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരും ഓണാശംസകള്‍ നേര്‍ന്നു.

ദുഃഖവും ദുരിതവും മാറ്റി വെച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. നാടിനെ ഇരു വട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.

Top