ഇതോ ആഘോഷം; പാവങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഇല്ല, കൈമലര്‍ത്തി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് പലരുടെയും ജീവിതം ദുരിതക്കെടുതിയില്‍ ആണെങ്കിലും ഇത്തവണ ഓണാഘോഷം ഒഴിവാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഓണക്കാലത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഇത്തവണ വേണ്ടെന്ന് വച്ചിരിക്കുകയാണ് സര്‍ക്കാര്‍.

അരിയും പഞ്ചസാരയും പയറും കടലയും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ ലഭ്യമാകാത്ത പശ്ചാത്തലത്തില്‍ ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവര്‍ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്.

സംസ്ഥാനത്ത് ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം കിറ്റ് ഇത്തവണ ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്‌കോ ഔട്ട് ലെറ്റില്‍ എത്തി വെറും കൈയ്യോടെ മടങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ബിപിഎല്‍ അടക്കം പതിനാറ് ലക്ഷം പേര്‍ക്ക് ഓണക്കാലത്ത് സൗജന്യ കിറ്റ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് മഞ്ഞക്കാര്‍ഡ് ഉടമകളിലേക്ക് ചുരുങ്ങുകയായിരുന്നു. ഈ ഓണത്തിന് അതും ഇല്ലാതാകുന്ന സ്ഥിതിയാണ്.

ധനവകുപ്പിന്റെ ക്ലിയറന്‍സ് ഇല്ലാത്തതിനാലാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വെച്ചിരിക്കുന്നതെന്നാണ് സപ്ലെയ്‌കോ വിശദീകരിക്കുന്നത്. അതേസമയം മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കിയതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

Top