ഇത് അതിജീവനത്തിന്റെ ഓണം . . പ്രളയം തെളിച്ച നന്മകളുടെ ദീപം അണയാതിരിക്കട്ടെ !

കൊച്ചി: കേരളം മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ച ദിനങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇത് അതിജീവനത്തിന്റെ ഓണമാണ് . . . പ്രളയത്തിനു മുന്നില്‍ തോറ്റുകൊടുക്കാതെ ശക്തമായി എതിരിട്ടു നിന്ന നാം ഓരോരുത്തരുടെയും തിരിച്ചുവരവിന്റെ പൊന്നോണം.

വിവിധ ക്ലബുകളും സംഘടനകളും പ്രഖ്യാപിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റി. ഇവര്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്കും ക്യാമ്പുകളിലേക്കും എത്തിച്ചു.

Floods in Kerala

ഓണക്കോടിയും കളിപ്പാട്ടങ്ങളും വാങ്ങാന്‍ കുട്ടികള്‍ സൂക്ഷിച്ചുവെച്ചിരുന്ന സമ്പാദ്യങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കി.

ലക്ഷങ്ങള്‍ വില്‍പനയുള്ള കടകളിലും കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓണക്കാലത്ത് വിപണി കയ്യടക്കിയിരുന്ന പൂക്കള്‍ നാമമാത്രമായ സ്ഥലങ്ങളില്‍ മാത്രമായി ചുരുങ്ങി.

ദുരിതബാധിതര്‍ക്ക് ഓണക്കോടി വാങ്ങിയതും, ക്യാമ്പുകളില്‍ സദ്യയൊരുക്കാന്‍ വട്ടം കൂട്ടിയതും മനുഷ്യത്വം മരിക്കാത്ത മുഖങ്ങളാണ് കാണിച്ചു തരുന്നത്.

അതേസമയം, സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവിലുള്ളത് 2,18,104 കുടുംബങ്ങളില്‍ നിന്നുള്ള 8,69,224 പേരാണ്. മങ്ങിപ്പോയ ഇവരുടെ ഓണദിനമോര്‍ത്ത് നാടെങ്ങും ദുഖത്തില്‍ തന്നെയാണ്.

എന്നിരുന്നാലും സ്‌നേഹത്തിന്റെ സമത്വത്തിന്റെയും സന്ദേശങ്ങള്‍ വിളിച്ചോതുന്ന ഒട്ടനവധി കാഴ്ചകള്‍ നമ്മള്‍ ക്യാമ്പുകളില്‍ നിന്നും ഇതിനോടകം കണ്ടു കഴിഞ്ഞു. ബലിപെരുന്നാള്‍ ദിനത്തില്‍ കര്‍ത്താവിന്റെ മണവാട്ടികളുടെ കൈയില്‍ മൈലാഞ്ചി ഇട്ട് കൊടുക്കുക്കുന്ന മുസ്ലീം സ്ത്രീകളും, ക്യാമ്പിലെ വൈകുന്നേരങ്ങളില്‍ പാട്ടും ഡാന്‍സും നിറഞ്ഞാടുന്നതും കണ്ണ് കുളിര്‍പ്പിക്കുന്ന കാഴ്ചകളായിരുന്നു.

eid

കൈ മെയ് മറന്ന് ഏവരും ഒത്തുചേര്‍ന്ന് പ്രളയ ബാധിതരുടെ രക്ഷയ്ക്കായി വിശ്രമമില്ലാതെ പരിശ്രമിച്ച ആ നാളുകളുടെ നന്മ ഒരിക്കലും മറയാതിരിക്കട്ടെ. എല്ലാവര്‍ക്കും പൊന്നോണാശംസകള്‍ . . .

Top