ബോക്സ് ഓഫീസ് താരമായി ആർഡിഎക്സ്; ഓണ ചിത്രങ്ങൾ ഇതുവരെ നേടിയത്

ത്തവണത്തെ ഓണം റിലീസിന് എത്തിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട സിനിമകളാണ് കിം​ഗ് ഓഫ് കൊത്തയും ആർഡിഎക്സും. ദുൽഖർ സൽമാൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ എത്തിയ ആർഡിഎക്സിൽ പ്രധാന വേഷത്തിൽ എത്തിയത് യുവതാരങ്ങളായ ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, നീരജ് മാധവ് എന്നിവരാണ്. മുൻവിധികളെ മാറ്റിമറിച്ച പ്രകടവുമായി ആർഡിഎക്സ് തിളങ്ങിയപ്പോൾ, മികച്ച താരനിരയുമായി എത്തിയ കിം​ഗ് ഓഫ് കൊത്തയും ബോക്സ് ഓഫീസിൽ കസറി.

ഓ​ഗസ്റ്റ് 24ന് തിയറ്ററിൽ എത്തിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 34 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോഴുള്ള കണക്കാണിത്. ഇന്നലെ മാത്രം 1.15കോടി ചിത്രം നേടിയെന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്.

അതേസമയം, ഓ​ഗസ്റ്റ് 25ന് റിലീസ് ചെയ്ത ആർഡിഎക്സും തൊട്ടുപിന്നാലെ തന്നെ ഉണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിലെ മൊത്തം കളക്ഷൻ 14 കോടിയിലധികവും ലോകമെമ്പാടുമായി ഏകദേശം 24 കോടിയുമാണ് നേടിയിരിക്കുന്നത്. ചിത്രം 50 കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നിലവിലെ കണക്ക് പ്രകാരം ബോക്സ് ഓഫീസ് കിം​ഗ് ദുൽഖർ ചിത്രം തന്നെയാണ്.

വന്‍ ഹൈപ്പോടെ എത്തി പ്രേക്ഷക പ്രീതി നേടിയ കിംഗ് ഓഫ് കൊത്തയില്‍ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ ചെയ്തവര്‍. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top