ഇന്ന് ഉത്രാട പാച്ചില്‍ ; നാടും നഗരവും ഓണത്തിരക്കില്‍

തിരുവനന്തപുരം : ഇന്ന് ഉത്രാടം. തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളില്‍ ഓണക്കോപ്പുകള്‍ ഒരുക്കുകൂട്ടാനുള്ള തിരക്കിലാണ്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിക്കും. പല സ്ഥലങ്ങളിലും ചെറിയ തോതില്‍ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും കാര്യമായി ബാധിക്കില്ല.

ഓണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും.

സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.

ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും.

Top