സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും.

വൈകുന്നേരം നടക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികള്‍ സമാപിക്കുക.

3000-ല്‍ അധികം കലാകാരന്‍മാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. ഒരാഴ്ചക്കാലം നീണ്ടുനിന്ന ആഘോഷരാവുകള്‍ക്കാണ് ഇന്ന് പരിസമാപ്തി കുറിക്കുന്നത്.

100 ഓളം ഫ്‌ലോട്ടുകള്‍ അണിനിരക്കുന്ന വര്‍ണശബളമായ ഘോഷയാത്ര സമാപനസമ്മേളനത്തിന് മാറ്റുകൂട്ടും.

3000-ല്‍ അധികം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. ആസാം, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ തുടങ്ങി 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും എത്തുന്നുണ്ട്.

തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി തുടങ്ങിയ കേരളീയ കലാരൂപങ്ങളും ഘോഷയാത്രയില്‍ ഉണ്ടാകും.

വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. വെളളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയാണ് ഘോഷയാത്ര.

വാദ്യോപകരണമായ കൊമ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ കലാകാരന് കൈമാറി കൊണ്ട് സാംസ്‌കാരികഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കംകുറിക്കും. സമാപന ഘോഷയാത്രയുടെ ഭാഗമായി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉച്ചക്ക് ശേഷം രണ്ടുമണി മുതല്‍ രാത്രി 8 മണിവരെയാണ് ഗതാഗത നിയന്ത്രണം. രാവിലെ 9 മുതല്‍ ചരക്കുവാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശക്തമായ സുരക്ഷാവലയത്തിലാണ് തലസ്ഥാന നഗരി.

Top