ഓണം സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകരുന്നു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മന്‍ കീ ബാത്തില്‍ ഓണാഘോഷത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

കേരളത്തില്‍ ഇപ്പോള്‍ ഓണാഘോഷത്തിന്റെ സമയമാണെന്നും, ഓണം കേരളത്തിന്റെ സമൃദ്ധമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകരുന്നതോടൊപ്പം സമൂഹത്തില്‍ പുതിയ ഉത്സാഹവും ആശയാഭിലാഷങ്ങളും വിശ്വാസവുമുണര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല, വിനോദയാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ഉത്സവമായി ഓണം മാറിക്കഴിഞ്ഞു എന്നും മോദി വ്യക്തമാക്കി.

ഗുജറാത്തിലെ നവരാത്രി ഉത്സവവും, ബംഗാളിലെ ദുര്‍ഗ്ഗാ പൂജാ മഹോത്സവവും ഇതുപോലെ വിനോദയാത്രയെ ആകര്‍ഷിക്കുന്നുണ്ടെന്നും, ഉത്സവങ്ങള്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള അവസരം കൂടിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗണേശോത്സവം, ഈദുല്‍ സുഹാ, ജൈനസമൂഹത്തിലെ ‘സംവത്സരി’, ‘പര്യുഷണ്‍’ ആഘോഷങ്ങളിലും മോദി ആശംസ അറിയിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായിരുന്ന ഗണേശോത്സവം ഇപ്പോള്‍ സാമൂഹിക വിദ്യാഭ്യാസം, സാമൂഹികമായ ഉണര്‍വ്വ് സൃഷ്ടിക്കുക എന്നിവയുടെ പ്രതീകമായെന്നും അദ്ദേഹം വിശദമാക്കി.

Top