കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് 17നകം നല്‍കും

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17ാം തീയതിക്കകം വിതരണം ചെയ്യുവാന്‍ തീരുമാനമായി. തൊഴില്‍ വ്യവസായ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ തൊഴിലാളി- തൊഴിലുടമാ പ്രതിനിധികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുന്‍വര്‍ഷം നല്‍കിയ അതേ നിരക്കില്‍ ഇക്കുറിയും ഓണം ബോണസ് നല്‍കുമെന്ന മന്ത്രിമാരായ പ രാജീവിന്റെയും വി ശിവന്‍കുട്ടിയുടെയും നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.

ഈ വര്‍ഷത്തെ ബോണസ് 20 ശതമാനവും ബോണസ് അഡ്വാന്‍സായി 9500 രൂപയും നല്‍കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 2021 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച നിരക്കനുസരിച്ചുള്ള ബോണസ് തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിച്ച് 2022 ജനുവരി 31ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2021 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ കൂടുതലാണ് കൈപ്പറ്റിയ അഡ്വാന്‍സെങ്കില്‍ അധികമുള്ള തുക ഓണം ഇന്‍സന്റീവ് ആയി കണക്കാക്കും.

കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കാനും ധാരണയായി. 2021 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫുകളുടെ ബോണസ് നിശ്ചയിക്കുന്നത്. 2021 ജൂലൈ 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മുഴുവന്‍ ബോണസ് അഡ്വാന്‍സ് നല്‍കും. അതില്‍ കുറവ് ഹാജര്‍ ഉള്ളവര്‍ക്ക് ആനുപാതികമായി ബോണസും അഡ്വാന്‍സും നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.

Top