കാൽ തിരുമ്മുന്ന കാക്കി ! ഐ.പി.എസ് ഓഫീസറുടെ നടപടി വൈറലായി

ലഖ്നൗ:ക്രമസമാധാനം ഉറപ്പാക്കുക എന്നത് പോല സേവനം പ്രദാനം ചെയ്യുക എന്നതും പൊലീസിന്റെ കര്‍ത്തവ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. കന്‍വാര്‍ യാത്രയ്ക്കെത്തിയ തീര്‍ത്ഥാടകന്റെ പാദം തിരുമ്മിക്കൊടുത്ത് മാത്യകയായിരിക്കുകയാണ് എസ് പി അജയ കുമാര്‍ എന്ന ഈ ഐ പി എസുകാരന്‍ .

കന്‍വാര്‍ യാത്രയ്ക്കെത്തിയ തീര്‍ത്ഥാടകന്റെ പാദം മെഡിക്കല്‍ ക്യാമ്പില്‍വെച്ച് തിരുമ്മിക്കൊടുക്കുന്നതിന്റെ വീഡിയോ ഷാംലി പൊലീസ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്. സുരക്ഷയ്ക്കൊപ്പം സേവനം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ശിവഭക്തര്‍ പ്രതിവര്‍ഷം നടത്തുന്ന തീര്‍ത്ഥായാത്രയാണ് കന്‍വാര്‍ യാത്ര. ഹരിദ്വാര്‍, ഗോമുഖ്, ഉത്തരാഖണ്ഡിലെ ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളാണ് ഇവര്‍ സന്ദര്‍ശിക്കുക. തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഷാംലി നഗര അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സെന്ററില്‍ നിന്നുള്ളതാണ് ഈ വീഡിയോ.

ഈ വീഡിയോ ഒരു ഹെല്‍ത്ത് ക്യാമ്പില്‍നിന്നുള്ളതാണ്. ക്യാമ്പ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചിരുന്നുവെന്നും തീര്‍ഥാടകര്‍ക്കുള്ള പ്രതീകാത്മക സേവനം എന്ന നിലയിലാണ് താന്‍ അങ്ങനെ ചെയ്തതെന്നും അജയ് കുമാര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെന്ന നിലയില്‍ നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സുരക്ഷ ഉറപ്പാക്കുകയെന്നതു മാത്രമല്ല പൊലീസിന്റെ ചുമതല, ജനങ്ങളെ സേവിക്കുകയും വേണമെന്ന സന്ദേശം സഹപ്രവര്‍ത്തകര്‍ക്കു നല്‍കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും അജയകുമാര്‍ പറഞ്ഞു.

Top