On Uttarakhand, Harish Rawat cheif minister,

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി വിധി വന്നതിന് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി ഹരീഷ് റാവത്ത് കാബിനറ്റ് യോഗം വിളിച്ച് ചേര്‍ത്തു. യോഗത്തില്‍ യുദ്ധകാലാടിസ്ഥാനതതില്‍ നടപ്പിലാക്കാനുള്ള 11 അടിയന്തിര തീരുമാനങ്ങള്‍ എടുത്തതായും അദ്ദേഹം അറിയിച്ചു. ഇതില്‍ സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.

രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇന്നു സുപ്രീംകോടതിയെ സമീപിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി ഹര്‍ജി ചീഫ് ജസ്റ്റിസ് മുമ്പാകെ സമര്‍പിച്ചു. ഹരീഷ് റാവത്തിനെ മുഖ്യമന്ത്രി സ്ഥാനത്തു പുനസ്ഥാപിച്ചു കൊണ്ടുള്ള വിധി ഹൈക്കോടതിയുടെ നിയമപരമായ അധികാരങ്ങള്‍ മറന്നു കൊണ്ടാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നു അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തടസ്സ ഹര്‍ജി നല്കിയിട്ടുണ്ട്.
ഹരീഷ് റാവത്ത് സര്‍ക്കാരിന് തുടരാമെന്ന് ഇന്നലെയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിളിപ്പിച്ചു. രാഷ്ട്രപതി ഭരണം തുടര്‍ന്നാല്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും ഇതിന് ശ്രമിക്കും. 15 ദിവസത്തിനകം സര്‍ക്കാരുകളെ മാറ്റാനാകും ഇത് വഴിയൊരുക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം വേദനാജനകമെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എടുക്കുകയാണെന്നും ഉത്തരാഖണ്ഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദില്ലിയിലിരുന്ന പറയാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഒമ്പത് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കൊണ്ടുവരണമെന്ന് ഒരുമാസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

Top