എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രഞ്ച് സേനയും അണിനിരക്കും

ഡല്‍ഹി: എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇക്കുറി ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രഞ്ച് സേനയും അണിനിരക്കും. ഫ്രാന്‍സില്‍ നിന്ന് 130 അംഗ സംഘമാണ് കര്‍ത്തവ്യപഥില്‍ പരേഡിനായി അണിനിരക്കുക. ദില്ലിയിലെ പരേഡ് പുതിയ അനുഭവമെന്ന് ഫ്രഞ്ച് സേനാ അംഗം ക്യാപ്റ്റന്‍ ലൂയിക് അലക്‌സാണ്ടര്‍ പറഞ്ഞു.

വികസിത ഭാരത് എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈക്കുറി റിപ്പബ്ലിക്ക് ദിനം. പരേഡിനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയതായി മേജര്‍ ജനറല്‍ സുമിത് മേത്ത വ്യക്തമാക്കി. മൂന്ന് സേനകളുടെയും സൈനിക പൊലീസിന്റെയും മാര്‍ച്ചിംഗ് സംഘത്തെ നയിക്കുക വനിതകളാവും. ക്യാപ്റ്റന്‍ സന്ധ്യ, ക്യാപ്റ്റന്‍ ശരണ്യ റാവു, സബ് ലഫ് അനുഷാ യാദവ്, ഫ്‌ലൈറ്റ് ലഫ് സൃഷ്ടി വെര്‍മ്മ എന്നിവരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഈക്കുറി പരേഡ് നയിക്കുന്നത്.

നാരിശക്തിയുടെ വിളംബരമാണ് രാജ്യതലസ്ഥാനത്തെ ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനപരേഡ്. ഇന്ത്യന്‍ സൈനിക ശക്തിക്കൊപ്പം ജനങ്ങള്‍ക്കു മുന്നില്‍ അണിനിരക്കാന്‍ സൗഹൃദ രാജ്യമായ ഫ്രാന്‍സിന്റെ സേനയും തയ്യാര്‍. ഫ്രഞ്ച് സൈന്യത്തിന്റെ ഇന്‍ഫന്‍ട്രി റെജിമെന്റ്, ഫ്രഞ്ച് മ്യൂസിക് ബാന്‍ഡ് എന്നിവയും കര്‍ത്തവ്യപഥില്‍ ബൂട്ട് അണിഞ്ഞ് ശക്തി പ്രകടനം നടത്തും. ഒപ്പം ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ യുദ്ധവിമാനവും ആകാശ വിരുന്നൊരുക്കും. ഇന്ത്യന്‍, നേപ്പാളി വംശജര്‍ അടങ്ങുന്നതാണ് ഫ്രഞ്ച് സംഘം. ഇന്ത്യന്‍ സേനക്കൊപ്പമുള്ള പരീശീലനം അഭിമാനമൂഹുര്‍ത്തമെന്ന് ക്യാപ്റ്റന്‍ ലൂയിക് അലക്‌സാണ്ടര്‍ പറഞ്ഞു.

Top