പുല്‍വാമയില്‍ സ്മാരകം വേണ്ട; ഓര്‍മ്മിപ്പിക്കുന്നത് കഴിവുകേട്; ആഞ്ഞടിച്ച് സിപിഎം നേതാവ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തുന്ന പ്രസ്താവനയുമായി സിപിഎം നേതാവ് മുഹമ്മദ് സലീം. കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നാണ് മുഹമ്മദ് സലീം വ്യക്തമാക്കിയത്. അത്തരമൊരു സ്മാരകം കഴിവില്ലായ്മയെ ഓര്‍മ്മിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ കഴിവുകേട് ഓര്‍മ്മിപ്പിക്കുന്ന ഒരു സ്മാരകത്തിന്റെ ആവശ്യമില്ല. ഭൂമിയിലെ ഏറ്റവും കൂടുതല്‍ സൈനിക വിന്യാസമുള്ള മേഖലയിലേക്ക് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് 80 കിലോ ആര്‍ഡിഎക്‌സ് എങ്ങിനെ എത്തിച്ചേര്‍ന്നെന്നും, അത് പുല്‍വാമയില്‍ എങ്ങിനെ പൊട്ടിത്തെറിച്ചെന്നുമാണ് നമുക്ക് ആകെ അറിയേണ്ടത്’, സിപിഎം നേതാവ് ട്വീറ്റ് ചെയ്തു. ‘പുല്‍വാമയ്ക്ക് നീതി’ വേണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.

സൈനികരുടെ ത്യാഗം സ്മരിക്കേണ്ടത് തന്നെയാണെങ്കിലും പുല്‍വാമയില്‍ നടന്ന ഭീരുത്വപരമായ ഭീകരാക്രമണം തടയുന്നതില്‍ ഏജന്‍സികള്‍ എങ്ങിനെ പരാജയപ്പെട്ടെന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരണമെന്ന് സിപിഎം നേതാവ് വ്യക്തമാക്കി. ഇടതുപക്ഷ നേതാവിന്റെ നിലപാടിന് പിന്നാലെയാണ് മോദി ഗവണ്‍മെന്റിന് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദ്യങ്ങളുമായി രംഗത്ത് വന്നത്.

അക്രമണം സംഭവിച്ച അന്വേഷണത്തിന്റെ ഫലം എന്താണെന്നാണ് രാഹുല്‍ ചോദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് ചാവേറായ അദീല്‍ അഹ്മദ് ധര്‍ ആണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത്.

Top