ഒരുവശത്ത് ചൈന മറുവശത്ത് പാകിസ്ഥാന്‍; അപ്രതീക്ഷിത ആക്രമണം നേരിടാന്‍ സ്വിങ് ഓപ്പറേഷന്‍

ന്യൂഡല്‍ഹി: ഒരുവശത്ത് ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് മറുവശത്ത് പാക്കിസ്ഥാനും തലവേദന സൃഷ്ടിക്കുമോ എന്ന ആശങ്ക മുന്നില്‍കണ്ടുള്ള നടപടികളാണ് ഇന്ത്യയുടെ കരുനീക്കം.

ചൈനയെയും പാക്കിസ്ഥാനെയും നേരിടാനുള്ള പരിശീലനം 2013 മുതലാണു സേന ആരംഭിച്ചത്. ‘സ്വിങ് ഓപ്പറേഷന്‍’ എന്നാണ് ഇതിനെ വിളിക്കുന്നത്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ (പാക്ക് അതിര്‍ത്തി) ആക്രമണ സജ്ജമായി രംഗത്തിറക്കുന്ന യുദ്ധവിമാനങ്ങളെയും സേനാ ഹെലികോപ്റ്ററുകളെയും സേനാംഗങ്ങളെയും 48 മണിക്കൂറിനകം അതേപടി കിഴക്കന്‍ മേഖലയില്‍ ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കുന്നതാണു സ്വിങ് ഓപ്പറേഷന്‍.

പാക്കിസ്ഥാനു പുറമേ ചൈനയ്‌ക്കെതിരെയും വ്യോമാക്രമണശേഷി വര്‍ധിപ്പിക്കണമെന്നു വിലയിരുത്തിയാണ് സ്വിങ് ഓപ്പറേഷനുകള്‍ക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ പാക്കിസ്ഥാനെ ലക്ഷ്യമിട്ടു നടത്തിയിരുന്ന ഓപ്പറേഷന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന കേന്ദ്രീകൃതമാണ്.

കശ്മീരിലെ ലേയില്‍ അതിര്‍ത്തിയോടു ചേര്‍ന്നു വിമാനങ്ങള്‍ക്കിറങ്ങാന്‍ സാധിക്കുന്ന ദൗലത് ബേഗ് ഓള്‍ഡി (ഡിബിഒ) എയര്‍സ്ട്രിപ് 2008 ല്‍ സജ്ജമാക്കിയത് ചൈനയ്‌ക്കെതിരായ ഇന്ത്യന്‍ സേനാ നീക്കങ്ങള്‍ക്കു മൂര്‍ച്ച നല്‍കും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള (16,700 അടി) എയര്‍സ്ട്രിപ് ആണിത്.

മണ്ണ് ഇടിച്ചമര്‍ത്തിയാണ് റണ്‍വേ സജ്ജമാക്കിയിരിക്കുന്നത്. വായു കുറവായതിനാല്‍ എയര്‍സ്ട്രിപ്പില്‍ ഇറങ്ങാനും പറന്നുയരാനും ബുദ്ധിമുട്ടാണ്. മിസൈലുകളുമായി ഇവിടെനിന്ന് യുദ്ധവിമാനങ്ങള്‍ക്കു പറന്നുയരുക ദുഷ്‌കരമാണ്. പക്ഷേ, സൈനികരെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വഹിച്ച് ഇവിടേക്കു പറക്കാന്‍ സി 130, എഎന്‍ 32 എന്നിവയ്ക്കു സാധിക്കുമെന്നാണ് ആശ്വാസം.

Top