ചൈനക്ക് തിരിച്ചടി ; ഒബോർ പദ്ധതിയിൽ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക

വാഷിംഗ്ടൺ: ചൈനയുടെ സ്വപ്നപദ്ധതി വൺ ബെൽറ്റ്, വൺ റോഡിനെതിരെ യുഎസ് രംഗത്ത്.

പദ്ധതിയോടു നിസ്സഹകരിച്ച ഇന്ത്യയെ പിന്തുണച്ചാണു യുഎസ് നിലപാടു വ്യക്തമാക്കിയത്. പ്രശ്നബാധിത പ്രദേശങ്ങളിലൂടെയാണു പാത കടന്നുപോകുന്നതെന്നു ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി.

ഒരു രാജ്യത്തിനും ഇതുപോലുള്ള ‘പ്രശ്നമേഖല’യിലും പാതയിലും തങ്ങളുടെ അധീശത്വം സ്ഥാപിക്കാനാവില്ലെന്നു യുഎസ് വ്യക്തമാക്കി.

ഫലത്തിൽ, ചൈന – പാക്ക് സാമ്പത്തിക ഇടനാഴിയെ (സിപിഇസി) എതിർക്കുന്ന ഇന്ത്യൻ നിലപാടിനെ അനുകൂലിക്കുന്നതാണു യുഎസ് നയം. അടുത്തിടെ, ഇന്ത്യ സന്ദർശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്കു മുൻപാകെയാണ് അമേരിക്കയുടെ കാഴ്ചപ്പാടു വിശദീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കഴിഞ്ഞയാഴ്ച ജിം മാറ്റിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസിൽ മടങ്ങിയെത്തിയ അദ്ദേഹം, ചൈനയുമായി ബന്ധപ്പെട്ടുള്ള സെനറ്റർ ചാൾസ് പീറ്റേഴ്സിന്റെ ചോദ്യത്തിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്; ‘ആഗോളവത്കരണ ലോകത്ത് നിരവധി ബെൽറ്റുകളും റോഡുകളുമുണ്ട്. എന്നാൽ ഒരു രാജ്യത്തിനും വൺ ബെൽറ്റ്, വൺ റോഡ് എന്നതരത്തിൽ ആജ്‍‍ഞാപിക്കാൻ സാധിക്കില്ല’. ചൈനയുടെ മേധാവിത്വത്തിനെതിരെ വിരൽചൂണ്ടി മാറ്റിസ് പറഞ്ഞു.

ചൈനയുടെ പുതിയ പട്ടുപാത

മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാനായുള്ള പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വൻനിക്ഷേപ പദ്ധതിയാണിത്. വൺ ബെൽറ്റ്, വൺ റോഡ് (ഒരു മേഖല, ഒരു പാത) പദ്ധതിക്കായി 124 ബില്യൺ യുഎസ് ഡോളറാണ് ചൈനയുടെ വാഗ്ദാനം. പൗരാണിക വ്യാപാരപാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയാണു ലക്ഷ്യം.

പുതിയ പാത ആഫ്രിക്ക, യൂറോപ്പ് തുടങ്ങി ഏവർക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വ്യാപാരം വർധിപ്പിക്കാൻ സഹായക സംരംഭമായ ഈ പദ്ധതിക്ക് ഏഷ്യൻ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാനാകും. മധ്യ, പശ്ചിമ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയിൽവേയും ഊർജനിലയങ്ങളും അടക്കം അടിസ്ഥാന സൗകര്യവികസനത്തിലൂന്നിയ പദ്ധതികളിൽ ചൈന വൻനിക്ഷേപം നടത്തും. ഏഷ്യ – യൂറോപ്പ് – ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ നീളമുണ്ടാകും പാതയ്ക്ക്.

ഇന്ത്യയുടെ എതിർപ്പിനു പിന്നിൽ

മേഖലയെ ബന്ധിപ്പിച്ചു പുതിയ റോഡുകളും റെയിൽപ്പാതകളും സമുദ്രപാതകൾക്കും രൂപം നൽകാനാണു ചൈനയുടെ നീക്കം. പദ്ധതിയുടെ ഭാഗമായ പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇതാണ് ഇന്ത്യയുടെ എതിർപ്പിന്റെ പ്രധാനകാരണം.

ഇന്ത്യയ്ക്കു തന്ത്രപരമായി പങ്കാളിത്തമുള്ള നിരവധി രാജ്യങ്ങളില്‍ കടന്നുകയറാനുള്ള ശ്രമം കൂടിയാണു പദ്ധതിയിലൂടെ ചൈന നടത്തുന്നത്. ഇതേത്തുടർന്ന്, റഷ്യ ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങൾ പങ്കെടുത്ത ബെൽറ്റ് ആൻഡ് റോഡ് ഫോറം (ബിആർഎഫ്) ഉച്ചകോടിയിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

ബദലായി ഒരു സംസ്കാരം, ഒരു മേഖല

ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനു ബദലായി വണ്‍ കള്‍ച്ചര്‍, വണ്‍ റീജിയൻ (ഒരു സംസ്കാരം, ഒരു മേഖല) പദ്ധതി വേണമെന്നാണ് ആര്‍എസ്‌എസിന്റെ നിലപാട്. യുറേഷ്യന്‍ രാജ്യങ്ങളെ സാംസ്കാരിമായി ബന്ധിപ്പിക്കുന്ന പദ്ധതി സാര്‍ക് മോഡലില്‍ ഇന്ത്യ അവതരിപ്പിക്കണമെന്നാണ് ആര്‍എസ്‌എസിന്റെ നിര്‍ദേശം.

Top