സിന്ധ്യ പോയി, ‘അപകടമണി’ മുഴക്കി യുവനേതാക്കള്‍; നേതൃത്വം കേള്‍ക്കുമോ?

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ഉപേക്ഷിച്ച് പോയത് പാര്‍ട്ടിക്കുള്ളില്‍ വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഉന്നത നേതൃത്വത്തിന് യുവ നേതാക്കള്‍ ഈ അപകടത്തിന്റെ സന്ദേശം എത്തിക്കുന്നുണ്ട്. സിന്ധ്യയുടെ പാര്‍ട്ടി ഉപേക്ഷിക്കല്‍ ദൗര്‍ഭാഗ്യകരമാണെന്നാണ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്.

‘സിന്ധ്യ കോണ്‍ഗ്രസുമായി വഴിപിരിഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു’, അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സിന്ധ്യയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം കൂടുതല്‍ നടപടികള്‍ക്ക് തയ്യാറാകേണ്ടതായിരുന്നുവെന്ന് ഹരിയാനയിലെ യുവ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയ് ചൂണ്ടിക്കാണിച്ചു.

‘സിന്ധ്യയുടെ വിടവാങ്ങല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ്. പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. നേതൃത്വം അദ്ദേത്തെ അനുനയിപ്പിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായിരുന്നു. ഇതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി നേതാക്കള്‍ ഒറ്റപ്പെട്ട്, പാഴാക്കപ്പെട്ട്, നിരാശയിലുണ്ട്. ഇന്ത്യയിലെ പഴമയേറിയ പാര്‍ട്ടി അധ്വാനിക്കുന്ന, ജനങ്ങളില്‍ ശക്തിപകരുന്ന യുവ നേതാക്കള്‍ക്ക് ശക്തി പകരാന്‍ തയ്യാറാകണം’, ബിഷ്‌നോയ് ട്വീറ്റ് ചെയ്തു.

18 വര്‍ഷം നീണ്ട സഹകരണം അവസാനിപ്പിച്ചാണ് സിന്ധ്യ കോണ്‍ഗ്രസ് ഉപേക്ഷിച്ചത്. ഇത് പഴയ കോണ്‍ഗ്രസല്ലെന്ന് അദ്ദേഹം ബിജെപിയില്‍ ചേരവെ പ്രസ്താവിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രത്തിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ ശക്തമായ പ്രാസംഗിക പ്രാവീണ്യമുള്ള സിന്ധ്യയെയാണ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ചീഫ് വിപ്പാക്കിയത്.

Top