വനിതാദിനത്തില്‍ ‘വനിതാ മാര്‍ച്ചിന്’ നേരെ കല്ലും, ഷൂസും; അയല്‍ക്കാര്‍ പുരോഗമിക്കുന്നുണ്ട്!

ന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതാ അവകാശ പ്രവര്‍ത്തകര്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യയില്‍ കേരളത്തില്‍ നിന്നുള്ള കാര്‍ത്ത്യായനി അമ്മയ്ക്ക് ഉള്‍പ്പെടെ നാരീശക്തി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇവര്‍ സംവദിച്ചു. എന്നാല്‍ നമ്മുടെ തൊട്ട് അയല്‍രാജ്യമായ പാകിസ്ഥാനില്‍ വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ആദരവിന് പകരം കല്ലുകളും, ഷൂസുകളുമാണ്.

പാകിസ്ഥാന്‍ തലസ്ഥാനത്ത് സ്ത്രീകള്‍ സംഘടിപ്പിച്ച വനിതാ മാര്‍ച്ചിന് നേരെയാണ് യാഥാസ്ഥിതികര്‍ സംഘടിതമായി അക്രമം അഴിച്ചുവിട്ടത്. ഇസ്ലാമാബാദില്‍ നടന്ന ‘ഔരത്ത് മാര്‍ച്ചില്‍’ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും, പുരുഷന്‍മാരും പങ്കെടുത്തു. എന്നാല്‍ ഇതില്‍ രോഷാകുലരായ പ്രാദേശിക തീവ്രവാദി സംഘങ്ങള്‍ വരെ ഉള്‍പ്പെട്ട മറുവിഭാഗം റെഡ് മോസ്‌ക് ബ്രിഗേഡില്‍ നിന്ന് എതിര്‍ മാര്‍ച്ച് സംഘടിപ്പിച്ചു.

വനിതാ മാര്‍ച്ച് നടത്തുന്നവര്‍ക്ക് നേരെ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് അക്രമം നടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ യാഥാസ്ഥിതിഗ വിഭാഗങ്ങള്‍ കല്ലുകളും, കട്ടകളും, വടിയും, ഷൂസുമെല്ലാം മാര്‍ച്ച് ചെയ്തവര്‍ക്ക് നേരെ എറിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിലൊന്നും ആര്‍ക്കും പരുക്ക് പറ്റിയില്ലെന്ന് പോലീസ് പറയുന്നു.

അതേസമയം നിയമം തെറ്റിച്ച് വനിതാ മാര്‍ച്ചിനെ അക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച വനിതാ മാര്‍ച്ചിന്റെ പേരില്‍ ഇപ്പോഴും സംഘാടകര്‍ക്ക് വധഭീഷണിയും, പീഡന ഭീഷണികളും നേരിടുന്നതായി ഇവര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പരിപാടിയുടെ പോസ്റ്ററുകളും, ചിത്രങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മാന്യതയും, സദാചാരവും ലംഘിക്കാതെ മാര്‍ച്ച് നടത്താന്‍ ലാഹോര്‍ കോടതി ഉത്തരവിട്ടിരുന്നു!

Top