പിറന്നാള്‍ ദിനത്തില്‍ ജനങ്ങള്‍ക്കൊപ്പം മെട്രോയാത്ര നടത്തി നരേന്ദ്രമോദി; വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു

ഡല്‍ഹി: നരേന്ദ്രമോദിയുടെ എഴുപത്തി മൂന്നാം ജന്മദിനത്തില്‍ ഡല്‍ഹിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത മോദി ജനങ്ങള്‍ക്കൊപ്പം മെട്രോയാത്രയും നടത്തി. ദ്വാരക സെക്ടര്‍ 21 മുതല്‍ 25 വരെ ഡല്‍ഹി മെട്രോ നീട്ടിയത് മോദി ഉദ്ഘാടനം ചെയ്തു. യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും രാജ്യത്തിനായി തുറന്നുകൊടുത്തു. വിശ്വകര്‍മജയന്തി ദിനത്തില്‍ വിവിധ തൊഴില്‍ മേഖലയിലുള്ളവരുമായി സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകര്‍മ പദ്ദതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പുതുതായി തുടങ്ങിയ ആയുഷ്മാന്‍ ഭവ പദ്ദതിയുടെ ഭാഗമായുള്ള രണ്ടാഴ്ച നീളുന്ന സേവന ആചരണത്തിനാണ് ബിജെപി തുടക്കമിട്ടത്. ഒക്ടോബര്‍ രണ്ടുവരെയാണ് സേവന പക്ഷാചരണം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും മോദിയുടെ ജീവിതത്തെ കുറിച്ചുള്ള പ്രദര്‍ശനം പൊതുസ്ഥലങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. നവഭാരത ശില്‍പിയാണ് നരേന്ദ്രമോദിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും മോദിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. അതേസമയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചത് മോദിയുടെ ജന്മദിന വാരാചരണത്തിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

Top