പെരുമാറ്റച്ചട്ടത്തില്‍ പുതിയ തീരുമാനങ്ങള്‍; തെലങ്കാന തെരഞ്ഞെടുപ്പ് പ്രത്യേക പരാമര്‍ശം

by election

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പോളിസികള്‍ സംസ്ഥാനം കൈക്കൊണ്ടാല്‍ അത് ചട്ടലംഘനത്തിന്റെ പരിധിയില്‍ വരാമെന്നാണ് പുതിയ ഓര്‍ഡര്‍ വഴി കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. തെലങ്കാന മന്ത്രിസഭ പിരിച്ചു വിട്ടതിന് ശേഷം ഇപ്പോള്‍ എടുത്തിട്ടുള്ള ഈ തീരുമാനം തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് അടുത്ത തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല.

ഓര്‍ഡറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായാല്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച് കത്തയക്കും. ഇലക്ഷന്‍ കമ്മീഷന്‍ മാത്രമാണ് നിലവില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുള്ളത്. എല്ലാവരുടെയും അഭിപ്രായം കേട്ടതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ.

സെപ്തംബര്‍ ആറാം തീയതിയാണ് തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് തീരുമാനമുണ്ടാകുന്നത്. ടിആര്‍സ് അദ്ധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു ആണ് ഇതിന് ശുപാര്‍ശ ചെയ്തത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തെരഞ്ഞെടുപ്പും നടത്തുന്നതിന് മുന്നോടിയായിട്ടാണ് തീരുമാനം. അതിനാല്‍ നയരൂപീകരണങ്ങളില്‍ ശ്രദ്ധ വേണം എന്ന കാര്യം പരാമര്‍ശിച്ചു കൊണ്ട് തെലങ്കാന ചീഫ് സെക്രട്ടറിയ്ക്ക് പ്രത്യേകം കത്തയക്കാനും ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. 2001 മുതല്‍ നടന്ന നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടത്തില്‍ പുതിയ ഭേദഗതികള്‍ വരുത്താന്‍ ഇപ്പോള്‍ ധാരണയായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മാത്രമേ ഈ ചട്ടം കൊണ്ടുവരാന്‍ സാധിക്കൂ എന്ന ഒരു ഉപാധി ഈ ഓര്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പദ്ധതികളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചവയുടെയും ഉദ്ഘാടനങ്ങള്‍ സിവില്‍ ഉദ്യേഗസ്ഥര്‍ക്ക് നടപ്പാക്കാം. 1994ല്‍ ബൊമ്മയ് – യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി സുപ്രധാനമായി വിധി പ്രസ്ഥാവിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ ഒരു സംസ്ഥാനത്തിന്റെ മന്ത്രി സഭ പിരിച്ചു വിട്ടാല്‍ കാവല്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് വിധിയില്‍ പ്രസ്ഥാവിച്ചിരുന്നു. ദൈന്യം ദിന പ്രവര്‍ത്തനങ്ങളില്‍ മാത്രമേ പിന്നീട് ആ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടാകൂ. പ്രധാനപ്പട്ട നയരൂപീകരണങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നുമാണ് ഉത്തരവ്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഓര്‍ഡര്‍ ഇറക്കുന്നത്.

Top