ഭരണം കുത്തകയാക്കാൻ നരേന്ദ്ര മോദി, വ്യാപാരികൾക്കും പെൻഷൻ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രണ്ടാം ഊഴം നേടി അധികാരം ഏറ്റ ഉടനെ രാജ്യത്തെ കര്‍ഷകര്‍കര്‍ക്കും വ്യാപാരികള്‍ക്കുമായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന കിസാന്‍ പദ്ധതിയുടെ പരിധിയില്‍ രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തുമെന്ന് മോദി പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ളവരാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. ഈപരിധി എടുത്തുകളഞ്ഞു.

വര്‍ഷം കര്‍ഷകര്‍ക്ക് 6,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതി. രാജ്യത്തെ 15 കോടി കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തിരഞ്ഞെടുപ്പ് വാഗ്ദനം നടപ്പാക്കുന്നതിന്റെ ഭാഗമയാണ് പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.

ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. വ്യാപാരികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഇവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായത്. അറുപതു വയസു മുതല്‍ 3,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 18 നും നാല്‍പതിനും മധ്യേ പ്രായമുള്ളവരും 1.5 കോടിയില്‍ താഴെ ജിഎസ്ടി വരുമാനമുള്ളവരുമായ ചെറുകിട വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്തെ മൂന്നു കോടി ചെറുകിട വ്യാപാരികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പെന്‍ഷന്‍ പദ്ധതിയില്‍ വ്യാപാരികളും കര്‍ഷകരും തുല്യവിഹിതം അടയ്ക്കും.

വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ കിസാന്‍ പദ്ധതിയുടെ പരിധിയില്‍ രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.

Top