കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃക; ഈ യുദ്ധത്തില്‍ നമുക്ക് ജയിക്കണം

ന്യൂഡല്‍ഹി കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനൊപ്പം ലോകത്തെയും ഒന്നിച്ചുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിക്ക് 130 കോടിവരുന്ന ഇന്ത്യക്കാരുടെ ഐക്യവും ശക്തിയും നമ്മള്‍ കണ്ടു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എല്ലാ വിഭാഗങ്ങശളില്‍ പെട്ടവരും വിവിധ പ്രായത്തിലുള്ളവരും ഒന്നിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാനവികത ഇപ്പോള്‍ പ്രതിസന്ധിയേ നേരിടുകയാണെന്ന് പറഞ്ഞ മോദി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യ സേവനത്തിനുള്ള നമ്മുടെ സമര്‍പ്പണമാണ് നമ്മുടെ പാത തെളിക്കുന്നതെന്നും വ്യക്തമാക്കി. സമഗ്രമായ സമീപനത്തിലൂടെ ഇന്ത്യ അതിവഗേം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല ലോകാരോഗ്യ സംഘടനയും ഈ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളും ഈ പോരാട്ടത്തിന് ഒന്നിച്ചുണ്ട്. അതിനാല്‍ സാര്‍ക്ക്, ജി20 എന്നീ യോഗങ്ങളില്‍ ഇന്ത്യയ്ക്ക് സജീവ പങ്കാളിത്തം വഹിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ പ്രതിസന്ധിയില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യമുള്ളവരെ സഹായിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കണമെന്നും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കൂടാതെ മോദി കൊറോണ വൈറസിനെക്കുറിച്ച് അഞ്ച് നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കി. ദരിദ്രര്‍ക്ക് റേഷന്‍ ലഭ്യമാക്കണം, സമൂഹസേവകരോട് നന്ദി പറയണം, നാട്ടുകാര്‍ ഒപ്പിട്ട കത്ത് തയാറാക്കണം, ആരോഗ്യസേതു മൊബൈല്‍ ആപ് 40 പേരെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിക്കണം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ സംഭാവന എത്തിക്കണം എന്നിങ്ങനെയാണ് ആ അഞ്ച് നിര്‍ദേശങ്ങള്‍.കൂടാതെ മാസ്‌ക് ധരിക്കണമെന്നും മതനേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Top