ommen chandydefamatory case – v.s achudanathan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധിക സത്യവാങ്മൂലം നല്‍കി.

വി.എസ് ആരോപിച്ചതു പോലെ തനിക്കെതിരെ 31 കേസുകള്‍ ഇല്ലെന്ന് തിരുവനന്തപുരം അവധിക്കാല ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വി.എസ് കേസുകള്‍ എന്നു പറയുന്ന 31 എണ്ണവും പരാതികള്‍ മാത്രമാണ്. ഈ പരാതികളിലൊന്നും തന്നെ പൊലീസ് എഫ്.ഐ.ആര്‍ എടുക്കുകയോ സമന്‍സ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരെയുള്ള കേസുകളുടെ വിവരം കോടതിയില്‍ സമര്‍പ്പിക്കാന്‍ എതിര്‍ കക്ഷിയായ വി.എസ് തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി സത്യാവാങ്മൂലത്തിലൂടെ ചോദിച്ചു.

കേസ് ഇന്നു തന്നെ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വി.എസ് കണ്ണൂരിലെ ധര്‍മ്മടത്ത് നടത്തിയ പ്രസംഗം ചൂണ്ടികാട്ടിയാണ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കിയത്.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ 31 കേസിന്റെ വിശദാംശങ്ങള്‍ അടങ്ങിയ എതിര്‍ സത്യവാങ്മൂലം വി.എസ്. കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ കളിക്കളമായി കോടതിയെ മാറ്റരുതെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

Top