Ommanchandy don’t want to the happy of succession in Bihar election says,V.S

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തനിസ്വരൂപം അറിഞ്ഞിരുന്നെങ്കില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കുകയില്ലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്ന ഉമ്മന്‍ചാണ്ടിയെ നിതീഷ്‌കുമാര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാനെന്നും വി.എസ് പ്രസ്താവനയില്‍ പരയുന്നു.

വര്‍ഗീയ ഫാസിസത്തിനെതിരെ മതേതരജനാധിപത്യത്തിന്റെ ചരിത്രപരമായ വിജയമാണ് ബീഹാറിലുണ്ടായതെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ബീഹാറിലെ സത്യപ്രതിജ്ഞയ്ക്ക് പോയിരിക്കുന്നത്.

നിതീഷ്‌കുമാറും ലാലു പ്രസാദ് യാദവും ചേര്‍ന്നുള്ള മഹാസഖ്യം ബിജെപിയെ തറപറ്റിച്ചതില്‍ ഉമ്മന്‍ചാണ്ടി എന്തിനാണ് വെറുതെ ആവേശം കൊള്ളുന്നതെന്നു മനസ്സിലാകുന്നില്ല. കാരണം, ഉമ്മന്‍ചാണ്ടിയുടെ വായില്‍ നിന്ന് ഇതേവരെ ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ എന്തെങ്കിലുമൊന്ന് കേരളീയര്‍ കേട്ടിട്ടില്ല.

കല്‍ബുര്‍ഗിയടക്കമുള്ള എഴുത്തുകാരെ സംഘപരിവാര്‍ ശക്തികള്‍ വെടിവച്ചു കൊലപ്പെടുത്തിയപ്പോഴും, ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ നിരപരാധിയായ അക്ക്‌ലക്കിനെ തല്ലിക്കൊന്നപ്പോഴുമൊന്നും ഒരക്ഷരം പറയാതിരുന്നയാളാണ് ഉമ്മന്‍ചാണ്ടി.

രണ്ടാഴ്ച മുമ്പു നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പുകാലത്തു പോലും ബിജെപിയെ ഒരു തരത്തിലും നോവിക്കാതിരിക്കാനാണ് ഉമ്മന്‍ചാണ്ടി ജാഗ്രത കാട്ടിയത്. ബിജെപിക്ക് എതിരെ ഒന്നും ഉരിയാടിയില്ല എന്നു മാത്രമല്ല, ബിജെപിയുമായി വെള്ളാപ്പള്ളി നടേശന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടിനെതിരെ പോലും കമായെന്നു മിണ്ടാതിരുന്നയാളാണ് ഉമ്മന്‍ചാണ്ടി.

ഇക്കാലമത്രയും ബിജെപിയെയും ആര്‍എസ്എസിനെയും താലോലിക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് കേരളീയര്‍ക്കെല്ലാം അറിയാം. സംഘപരിവാര്‍ നേതാവും വര്‍ഗീയ പ്രസംഗങ്ങള്‍കൊണ്ട് വിഷം ചീറ്റുന്നയാളുമായ പ്രവീണ്‍ തൊഗാഡിയയുടെയും, പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസ് – എബിവിപി പ്രവര്‍ത്തകരുടെയും കേസുകള്‍ പിന്‍വലിച്ച് ഇക്കൂട്ടരെ സന്തോഷിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തിടുക്കം കാട്ടിയത് അടുത്ത കാലത്താണ്. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ബീഹാറിലെ മതനിരപേക്ഷതയുടെ വിജയത്തില്‍ ഊറ്റം കൊള്ളുന്നത് പരിഹാസ്യമാണ്. ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ത്ഥവേഷം അറിയാവുന്ന കേരളത്തിലെ ജനങ്ങള്‍ ഇത് പുച്ഛിച്ചുതള്ളുമെന്നും വി.എസ് വ്യക്തമാക്കി.

Top