മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം 10 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയില്‍ നിന്നെത്തിയ 37 കാരനുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ താനെ ഡോംബിവലി സ്വദേശിക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെ കോര്‍പ്പറേഷന്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കിയിരുന്നു. 35 പേരുടെ സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കി. തൊട്ടടുത്ത ദിനം തന്നെ പൂനെ പിംപ്രി ചിന്‍ചാദ് മേഖലയിലെ 7 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

നൈജീരിയയില്‍ നിന്നെത്തിയ 45 കാരിക്കും കുടുംബത്തിലെ മറ്റ് ആറ് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ട് മക്കള്‍ക്കും സഹോദരനും സഹോദരന്റെ ഏഴും ഒന്നരയും വയസുള്ള മക്കള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Top