പകുതിയിലധികം കേസും വൈകാതെ ഒമിക്രോണാകും- യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്​​: ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കോവിഡ്​ അണുബാധകളിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം മൂലമാകുമെന്ന്​ യൂറോപ്യൻ യൂണിയന്‍റെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. അതേസമയം, ഈ മേഖലയിൽ ഗുരുതരമായ രോഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

യൂറോപ്പിൽ ഇതുവരെ ഡസൻ കണക്കിന്​ ആളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​. ഇന്ത്യയിലും യുകെയിലും ദക്ഷിണാഫ്രിക്കയിലുമടക്കം 30 രാജ്യങ്ങളിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

ഡെൽറ്റയടക്കമുള്ള മുൻ വകഭേദങ്ങ​ളെ അപേക്ഷിച്ച്​ അതിവേഗം പടർന്നുപിടിക്കുന്നതും ഗുരുതരമാകുന്നതുമാണ്​ ഒമിക്രോൺ വകഭേദമെന്നാണ്​ പ്രാഥമിക​ വിലയിരുത്തൽ. ജനുവരി അവസാനത്തോടെ ഡെൽറ്റാ വകഭേദത്തിന്‍റെ സ്ഥാനത്തേക്ക്​ ഒമിക്രോൺ വരുമെന്ന് ഫ്രഞ്ച് സർക്കാരിന്‍റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവ് ജീൻ ഫ്രാങ്കോയിസ് ഡെൽഫ്രാസി വ്യാഴാഴ്ച പറഞ്ഞിരുന്നു.

അതേസമയം, ഒമിക്രോണിന്‍റെ ശക്​തമായ വ്യാപനശേഷിക്ക്​ ഇപ്പോൾ വ്യക്തമായ തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടനയുടെ കോവിഡുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിയായ മരിയ വാൻ കെർഖോവ്​ അറിയിച്ചിട്ടുണ്ട്​. ദിവസങ്ങൾക്കുള്ളിൽ അത്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.

Top