ഒമൈക്രോണ്‍ വ്യാപിച്ചാല്‍ പ്രത്യാഘാതം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന !

ജനീവ: ഒമൈക്രോണ്‍ വകഭേദം ഉയര്‍ന്ന അപകട സാധ്യതയുള്ളതാകാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമൈക്രോണ്‍ വകഭേദം എത്രത്തോളം ഗുരുതരമാകാമെന്നതില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണു ലോകാരോഗ്യ സംഘടന നിലപാടു വ്യക്തമാക്കിയത്.

ഒമൈക്രോണ്‍ പടര്‍ന്നു പിടിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഒരാഴ്ച മുന്‍പാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.1 529 നെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ഇതിന് ഒമിക്രോണ്‍ എന്ന പേരും പിന്നീടു നല്‍കി. ഒമിക്രോണ്‍ സംബന്ധിച്ചു പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. വകഭേദത്തിന്റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ കൃത്യത ലഭിക്കൂ.

എന്നാല്‍, ഒമൈക്രോണ്‍ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്സീ അറിയിച്ചിരുന്നു. കഴിഞ്ഞ 10 ദിവസമായി തന്റെ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയില്‍ കിടക്കാതെ പൂര്‍ണ രോഗമുക്തി നേടിയെന്നും അവര്‍ ഞായറാഴ്ച എ.എഫ്.പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവര്‍ക്കുണ്ടായതെന്നും, രോഗികളില്‍ കൂടുതലും 40 വയസില്‍ താഴെയുള്ളവരാണെന്നും ഡോക്ടര്‍ പറഞ്ഞു.

Top