ബ്രിട്ടനിൽ ഒമിക്രോൺ തരംഗം ഉറപ്പെന്ന് ബോറിസ് ജോൺസൺ

ബ്രിട്ടനിൽ ഒമിക്രോൺ തരംഗം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കാനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടെലിവിഷൻ അഭിമുഖത്തിൽ ആഹ്വാനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാൽ എന്തു സംഭവിക്കുമെന്നുള്ളതിന് മുൻകാല അനുഭവങ്ങൾ പാഠമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഒമിക്രോൺ കേസുകൾ രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സീനേഷൻ ബ്രിട്ടൻ വേഗത്തിലാക്കിയിരുന്നു. ബൂസ്റ്റർ ഡോസുകൾ രോഗതീവ്രത നിയന്ത്രിച്ചു നിർത്തുമെന്നാണ് പ്രതീക്ഷയെങ്കിലും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.

നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ബ്രിട്ടനിൽ ഒമിക്രോൺ തരംഗമുണ്ടായേക്കാമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽഎസ്എച്ച്ടിഎം) മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത വർഷം ഏപ്രിലോടെ 25,000 മുതല്‍ 75,000വരെ ആളുകൾ മരിക്കാൻ ഇടയുണ്ടെന്നും എൽഎസ്എച്ച്ടിഎം പ്രവചിച്ചിരുന്നു. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമിക്രോൺ വ്യാപിക്കുമെന്നും എൽഎസ്എച്ച്ടിഎം മുന്നറിയിപ്പ് നൽകുന്നു. ക്രിസ്മസും പുതുവത്സര ആഘോഷങ്ങളും പിന്നിടുന്നതോടെ പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Top