ഒമിക്രോണ്‍; വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ലോകത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഗുരുതരം അല്ലെങ്കിലും , വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന ഓര്‍മിപ്പിച്ചു. അതിനിടെ അമേരിക്കയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഡെല്‍റ്റയേക്കാള്‍ അപകടരമായ വൈറസ് അല്ലെങ്കിലും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തും. 90 ലധികം രാജ്യങ്ങള്‍ ജനസംഖ്യയുടെ 40% വാക്‌സിനേഷന്‍ പോലും കൈവരിച്ചിട്ടില്ലെന്നും ആഫ്രിക്കയിലെ 85% ആളുകള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രിയില്‍ കഴിയുന്ന രോഗികളില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുക്കാത്തവരാണെന്നും ഡബഌൂ.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു.

പ്രതിവാര കൊവിഡ് കേസുകളില്‍ മുന്‍ ആഴ്ചയെക്കാള്‍ 55 ശതമാനം വര്‍ധനവാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപനം അതി രൂക്ഷമാവുകയാണ്. ഒരാഴ്ച കൊണ്ട് ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്.രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ സാരമായി ബാധിച്ചു. എന്നാല്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദമാണെന്ന് വ്യക്തമാക്കി യുഎസ് സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവിന്‍ഷന്‍ രംഗത്ത് വന്നു.

ഇക്വഡോര്‍, പെറു, ബ്രസീല്‍ ,പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. ജര്‍മനിയിലും ബള്‍ഗേറിയയിലും പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. കാനഡയില്‍ ഒമിക്രോണ്‍ വ്യാപനം കൂടിയ ഇടങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top