ഒമിക്രോണ്‍; കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്രം

ദില്ലി: കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്രം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളില്‍ ജാഗ്രത കടുപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഉയര്‍ന്ന ടിപിആര്‍ ഉള്ള ജില്ലകളുടെ പട്ടികയില്‍ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ഉള്‍പ്പെടുന്നു.

അതേസമയം, ദില്ലിയില്‍ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം രാജ്യത്ത് ഇതുവരെ 33 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലായി 33 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മഹാരാഷ്ട്രയിലാണ്. 17 പേരില്‍ ഒമിക്രോണ്‍ കണ്ടെത്തിയതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

മുംബൈ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാന്‍, ദില്ലി, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കും.

Top