ഒമിക്രോണിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ കോവിഡ് വാക്സീന്റെ ഫലം കുറയ്ക്കും. ഒമിക്രോൺ വകഭേദം ഡെൽറ്റയെക്കാൾ വേഗത്തിൽ കൂടുതൽ ആളുകളിലേക്കു പടരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡിസംബർ 9 വരെയുള്ള കണക്കനുസരിച്ച് ഒമിക്രോൺ വകഭേദം 63 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഡെൽറ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും കൂടുതൽ ഗുരുതരമായി ബാധിച്ച ബ്രിട്ടനിലും ഒമിക്രോൺ വളരെ വേഗത്തിൽ പടർന്നു പിടിക്കുകയാണ്. ഡെൽറ്റയെക്കാൾ അതിവേഗം ഒമിക്രോൺ വ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങൾ മാത്രമാണ് ഒമിക്രോൺ ബാധിതർ പ്രകടിപ്പിക്കുന്നത്.

എന്നാൽ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് പറയാൻ ഇപ്പോഴത്തെ ഡേറ്റ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോൺ തീവ്രത കുറഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ സമയമായിട്ടില്ലെന്നും വ്യാപന ശേഷി കൂടുന്നതു മൂലം അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

Top