ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയ യുവാവിന് കോവിഡ്, സഹയാത്രികരെ തേടി അധികൃതര്‍

airport mumbai

മുംബൈ: ഒമിക്രോണ്‍ വ്യാപനത്തില്‍ ഏവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നതിനിടെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഡല്‍ഹി വഴി മുംബൈയിലെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. ധോംബിവില്ലി സ്വദേശിയായ 32കാരന്‍ നവംബര്‍ 24നാണ് ദക്ഷിണാഫ്രിക്കയില്‍നിന്ന് നാട്ടിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്.

എന്നാല്‍ വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജനിതക ശ്രേണീകരണഫലം ലഭിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ബാധിതനാണോ എന്ന് അറിയാന്‍ കഴിയൂ.

ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കല്യാണ്‍ ധോബിവില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ‘റിസ്‌ക്’ രാജ്യങ്ങളില്‍ നിന്നെത്തിയ 466 യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഇവരെ കണ്ടെത്തി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കും.

കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രികര്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഡല്‍ഹി സര്‍ക്കാര്‍ വിളിച്ച ദുരന്ത നിവാരണ അതോറിറ്റി യോഗം വൈകിട്ട് ചേരും.

യോഗത്തില്‍ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തേക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു.

Top