ഒമിക്രോണ്‍ സാമൂഹിക വ്യാപനം? കോഴിക്കോട് പരിശോധിച്ച 51 ല്‍ 38 ഉം ഒമിക്രോണ്‍ ബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായതായി സൂചന. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എസ്ജിടിഎഫ് സ്‌ക്രീനിംഗ് ടെസ്റ്റില്‍ 78 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം 51 പേരില്‍ നടത്തിയ എസ്ജിടിഎഫ് സ്‌ക്രീനിംഗ് ടെസ്റ്റില്‍ 38 പേരുടെ ഫലം പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ ആരും തന്നെ വിദേശയാത്ര പശ്ചാത്തലമുള്ളവരോ, വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായോ എന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നത്.

ഇത്രയും അധികം പേരില്‍ ഒമിക്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍പേര്‍ രോഗ ബാധിതരാണെന്നതിന്റെ സൂചനയാണെന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധനായ ഡോ. അനൂപ് കുമാര്‍ വ്യക്തമാക്കി. വരുന്ന രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ കൊവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോകാനും ടിപിആര്‍ 50 ശതമാനത്തിന് മുകളില്‍ പോകാനും ഇടയുണ്ടെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. എന്നാല്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

Top