ഒമിക്രോണ്‍: രാജ്യത്ത് നാല്‍പത് വയസ് പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരിഗണിക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുകയും ആഗോള തലത്തില്‍ ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നതിനിടെ രാജ്യത്ത് പ്രതിരോധം ശക്തമാക്കുന്നു. രോഗ ബാധയെ പിടിച്ച് നിര്‍ത്താന്‍ കൂടുതല്‍ കരുതല്‍ വേണ്ടവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ പരിഗണിക്കാമെന്നാണ് വിദഗ്ദരുടെ ശുപാര്‍ശ.

കൊറോണ വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്ന മള്‍ട്ടി ലബോറട്ടറി, മള്‍ട്ടി ഏജന്‍സി, പാന്‍ ഇന്ത്യ നെറ്റ്‌വര്‍ക്ക് ആണ് ഇത്തരം ഒരു ശുപാര്‍ശ കേന്ദ്ര സര്‍ക്കാറിന് മുന്നിലേക്ക് എത്തിക്കുന്നത്. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐഎന്‍എസ്എസിഒജി.

നാല്‍പ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് ഒപ്പം ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തതും എന്നാല്‍ ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്‌സിന്‍ ഉറപ്പാക്കുക. എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഐഎന്‍എസ്എസിഒജി സര്‍ക്കാറിന് മുന്നില്‍ വയ്ക്കുന്നത്. പ്രതിവാര അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
വ്യക്തികളിലുള്ള കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ശുപാര്‍ശയ്ക്ക് പിന്നില്‍.

വൈറസ് സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധം ശതമാക്കുന്നതിനും ജീനോമിക് സര്‍വൈലന്‍സ് നിര്‍ണായകമാണെന്നും കണ്‍സോര്‍ഷ്യം വിലയിരുത്തുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങള്‍ ഉള്‍പ്പെടെ ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ നീരീക്ഷിക്കണം. ഇത്തരം മേഖലകളുമായി ബന്ധമുള്ള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തലിന് മുന്‍ഗണന നല്‍കണമെന്നും കണ്‍സോര്‍ഷ്യം നിര്‍ദേശിച്ചു.

Top