ഒമൈക്രോണ്‍; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുംബൈയില്‍ ക്വാറന്റീന്‍

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്കു ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്നു മുംബൈ വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഒമൈക്രോണ്‍ കോവിഡ് വകഭേദം പടരുന്നതു കണക്കിലെടുത്താണു തീരുമാനമെന്നു മുംബൈ മേയര്‍ വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തുന്നവരില്‍ ജനിതക ശ്രേണീകരണവും (ജീനോം സീക്വന്‍സിങ്) നടത്തും.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദമാണ് ഒമൈക്രോണ്‍ (ബി.1.1.529). മനുഷ്യരുടെ പ്രതിരോധ ശേഷിയെ ഭേദിക്കുന്ന ഒമൈക്രോണിനു മറ്റു വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണു റിപ്പോര്‍ട്ട്. നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു മുംബൈയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

‘പുതിയ വൈറസ് വകഭേദത്തെക്കുറിച്ചു മുംബൈയില്‍ ആശങ്കയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ ജനിതക ശ്രേണീകരണം നടത്തും. വിദേശ രാജ്യങ്ങളിലേക്കു പോകുന്ന വിമാനങ്ങളില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം നടപ്പാക്കുന്നത്. അകലം പാലിക്കലും മാസ്‌ക് ധരിക്കലും അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം’- മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു.

 

Top