ഒമിക്രോണ്‍: കൊവിഡ് പരിശോധനയ്ക്കായി വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരുന്നത് ആറ് മണിക്കൂറിലേറെ

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നേക്കും.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കണം. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ഈ കൊവിഡ് പരിശോധനയുടെ ഫലം അറിയാന്‍ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ എടുത്തേക്കാമെന്നതാണ് വിദേശ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പുതിയ മാര്‍ഗനിര്‍ദേശം നിലവില്‍ വരുന്നത്.

ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയ്ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിക്ക് 400 മുതല്‍ 500 വരെ സാംപിളുകള്‍ ഒരു മണിക്കൂറില്‍ പരിശോധിക്കാന്‍ സാധിക്കും. എന്നാല്‍ ആയിരക്കണക്കിന് യാത്രക്കാരാണ് വരുന്ന ദിവസങ്ങളില്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നത്. ഇവരുടെ എല്ലാം പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ മണിക്കൂറുകളെടുത്തേക്കാമെന്നതാണ് അധികൃതരെ ചുറ്റിക്കുന്നത്. വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ ഫലങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഇത് ഉടനെ നടപ്പില്‍ വരുമെന്നും വിമാനത്താവള അധികൃതര്‍ മാദ്ധ്യമങ്ങളെ അറിയിച്ചു.

കൊവിഡ് പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് തങ്ങളുടെ ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ വരുമ്പോള്‍ എങ്ങനെ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് വിമാനത്താവള അധികൃതര്‍ക്കും വ്യക്തമായ ധാരണയില്ല. നിലവിലെ അവസ്ഥ അനുസരിച്ച് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്ര കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പോലും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Top