ഒമിക്രോൺ: പേരിടലിൽ വിവാദം; ചൈനയെ പേടിച്ച് ലോകാരോഗ്യ സംഘടനയെന്ന് വ്യാഖ്യാനം

ന്യൂഡൽഹി:പുതിയ ‘ഒമിക്രോൺ’ വൈറസ് വകഭേദത്തിനു ലോകാരോഗ്യ സംഘടന പേരിടും മുൻപേ ഇന്റർനെറ്റ് ലോകം വിളിച്ചതു ‘നു’ എന്നായിരുന്നു. മുൻ വകഭേദങ്ങൾക്കു ഗ്രീക്ക് അക്ഷരമാലയിലെ പേരുകൾ നൽകിയതായിരുന്നു ഗ്രീക്കിലെ ഈ 13–ാം നമ്പർ അക്ഷരമായ ‘നു’ തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ, ലോകാരോഗ്യസംഘടന ‘നു’വും തൊട്ടടുത്ത ‘ക്സൈയും’ ഒഴിവാക്കി ഒമിക്രോണിലേക്ക് എത്തിയതിന് പുതിയ വ്യാഖ്യാനങ്ങൾ പിന്നാലെയെത്തി.

ഇംഗ്ലിഷിൽ ‘പുതിയത്’ (ന്യൂ) എന്നതിനോടുള്ള സാദൃശ്യമാണ് ‘നു’വിനെ ഒഴിവാക്കാൻ കാരണമെന്നായിരുന്നു പ്രധാന വാദം. കൊറോണയെ ‘നോവൽ’ അഥവാ ‘ന്യു കൊറോണ വൈറസ്’  എന്നാണ് വിശേഷിപ്പിക്കാറ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ് എന്നെഴുതുമ്പോൾ Xi ഉണ്ടെന്നതാണ് ‘ക്സൈ’ ഒഴിവാക്കാൻ കാരണമെന്നും വാദങ്ങളുയർന്നു. നേരത്തെ കൊറോണയെ ചൈനീസ് വൈറസ് എന്നു ഡോണൾഡ് ട്രംപ് വിളിച്ചതു വിവാദം സൃഷ്ടിച്ചിരുന്നു. രാജ്യം, സ്ഥലം എന്നിവയുമായി ബന്ധപ്പെടുത്തി വൈറസുകൾക്കു വിളിപ്പേരുണ്ടാകുന്നത് ഒഴിവാക്കാനാണ് ഗ്രീക്ക് നാമകരണമെന്നു ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീക്ക് അക്ഷരമാലയിൽ ‘നു’വിനു മുൻപുള്ള രണ്ട് അക്ഷരങ്ങളും നേരത്തേ ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാര്യങ്ങളിൽ ശാസ്ത്രീയ നാമങ്ങൾ തന്നെ തുടരും.

ഇന്ത്യയിൽ രണ്ടാം തരംഗത്തിനു കാരണമാകും മുൻപു തന്നെ ഡെൽറ്റ വകഭേദത്തെ വേരിയന്റ് ഓഫ് കൺസേൺ (വിഒസി) ആയി പ്രഖ്യാപിച്ചിരുന്നു. ആശങ്ക നൽകുന്നത് എന്ന അർഥത്തിലായിരുന്നു ഇത്. സമാനമാണ് ഒമിക്രോണിന്റെ കാര്യവും. തീവ്രവ്യാപന ശേഷി ഒമിക്രോണിനുണ്ടെന്നാണു ലഭ്യമായ വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയം പാഴാക്കാതെ വിഒസിയായി പ്രഖ്യാപിച്ചത്. അതിനർഥം സാന്നിധ്യമുള്ള രാജ്യങ്ങളും ബന്ധപ്പെടുന്ന രാജ്യങ്ങളും കരുതലെടുക്കണം എന്നാണ്.

കരുതലെടുക്കേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നു തോന്നിയാൽ, സാധാരണ വേരിയന്റ് ഓഫ് ഇന്ററസ്റ്റ്  എന്നു വിളിക്കും. ഒരുപടി കടന്ന് ആഗോളതലത്തിൽ ആശങ്ക നൽകുന്നതാണ് വിഒസി. കൂടുതൽ അപകടകാരിയാണെന്നു തെളിഞ്ഞാൽ പരിണതഫലം കൂടിയത് എന്ന അർഥത്തിൽ വേരിയന്റ് ഓഫ് ഹൈ കോൺസിക്വൻസ് (വിഒഎച്ച്സി) എന്ന വിഭാഗത്തിലാക്കും.

Top