ഒമിക്രോണ്‍ ജാഗ്രത; സംസ്ഥാനത്ത് കൂടുതല്‍ പരിശോധനാഫലം ഇന്ന് കിട്ടും

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ അയച്ച ഇവരുടെയടക്കമുള്ള സാമ്പിള്‍ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതില്‍ 10 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാള്‍ ഒമിക്രോണ്‍ പൊസിറ്റീവായപ്പോള്‍ രണ്ടാമത്തെയാള്‍ക്ക് നെഗറ്റീവായത് ആശ്വാസമായി.

രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Top