ഒമിക്രോണ്‍; കേരളത്തില്‍ വാക്‌സിനേഷന്‍ കൂട്ടാന്‍ വിദഗ്ധസമിതി നിര്‍ദേശം

തിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം. അര്‍ഹരായവരുടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ തൊണ്ണൂറ് ശതമാനത്തിലെത്തിക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് മെല്ലെപ്പോക്കാണ്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി.

വളരെ വേഗത്തില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദം കേരളത്തില്‍ സ്ഥിരീകരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശം നല്‍കണമെന്ന് വിദഗ്ദ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമിക്രോണ്‍ കണ്ടെത്തിയ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരെ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ച് അവിടേക്ക് മാറ്റണം. ഇവര്‍ പോസിറ്റീവായല്‍ ജനിതക ശ്രേണീകരണം നടത്തി ഒമിക്രോണ്‍ വകഭേദം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശവലും വിദഗ്ധ സമിതി നല്‍കിയിട്ടുണ്ട്.

നിലവില്‍ 96.05% പേരാണ് സംസ്ഥാനത്ത് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. 65 ശതമാനത്തിലധികം പേര്‍ രണ്ടാം ഡോസ് വാക്‌സീനും സ്വീകരിച്ചു. വാക്‌സീന്‍ എടുക്കുന്നതില്‍ ചിലരെങ്കിലും കാലതാമസം വരുത്തുന്നുണ്ട്. രണ്ടാം ഡോസ് വാക്‌സീനും സ്വീകരിക്കുക എന്നത് രോഗപ്രതിരോധത്തില്‍ നിര്‍ണായകമാണ്. താഴേത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകരെ അടക്കം നിയോഗിച്ച് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ശ്രമം തുടരാനാണ് തീരുമാനം.

ഒമിക്രോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വൈറസ് മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഐ എം എ ആവശ്യപ്പെട്ടിട്ടുണ്ട്.

Top