ഒമിക്രോണ്‍ വ്യാപനം; ഐ ലീഗ് ആറു മാസത്തേക്ക് നിര്‍ത്തിവച്ചു

football

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫുട്ബാള്‍ ലീഗായ ഐ ലീഗ് ആറു മാസത്തേക്ക് നിര്‍ത്തിവച്ചു. കളിക്കാര്‍ക്കിടയില്‍ അമ്പതിലേറെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലീഗ് നിര്‍ത്തിവയ്ക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) തീരുമാനിച്ചത്. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന എ ഐ എഫ് എഫിന്റെ ലീഗ് കമ്മിറ്റി മീറ്റിംഗിലാണ് നിര്‍ണായക തീരുമാനം എടുത്തത്.

കഴിഞ്ഞയാഴ്ച മൂന്ന് ടീമുകളിലെ കളിക്കാര്‍ക്ക് കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് ലീഗ് നിര്‍ത്തിവയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ അമ്പതിന് മുകളില്‍ കളിക്കാര്‍ക്കും ടീം ഓഫിഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുര്‍ന്നാണ് ലീഗ് നിര്‍ത്തിവയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തില്‍ കളിക്കാരുടെ ആരോഗ്യത്തിനാണ് അസോസിയേഷന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിനാല്‍ ആറു മാസത്തേക്ക് ഐ ലീഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും എ ഐ എഫ് എഫ് അറിയിച്ചു.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ഈയവസരത്തില്‍ ഫുട്ബാള്‍ നടത്തുന്നത് അനുചിതമാണെന്നും എ ഐ എഫ് എഫ് പത്രകുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന അതേ അളവില്‍ തന്നെ കുറയാനും സാദ്ധ്യതയുള്ളതിനാല്‍ ഐലീഗ് എത്രയും വേഗം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുള്ളതായും എ ഐ എഫ് എഫ് സൂചിപ്പിച്ചു. ജനുവരി അഞ്ചിന് നേരത്തെ തീരുമാനിച്ചിരുന്നത് പോലെ കളിക്കാരില്‍ വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ ഇത്തവണയും ബയോബബിളില്‍ തന്നെയാണ് ഐ ലീഗ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ മത്സരം തുടങ്ങി ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ കളിക്കാര്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു. ഒരു വശത്ത് ഐ എസ് എല്‍ ഫുട്ബാള്‍ ബയോബബിളില്‍ കാര്യക്ഷമമായി നടത്തുമ്‌ബോഴാണ് ഐ ലീഗിന് ഈ ഗതികേട്.

Top