ഒമിക്രോണ്‍ കൊവിഡ് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയില്‍, കണ്ടെത്തലുമായി ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും ഉദ്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒമിക്രോണ്‍ കൊവിഡ് വകഭേദം ഉണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പുറത്ത് വരുകയാണ്.

ദീര്‍ഘകാലമായി എയ്ഡ്‌സ് ബാധിച്ച രോഗിയില്‍ നിന്നുമാണ് ഒമൈക്രോണ്‍ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. പുതിയ കൊവിഡ് വകഭേദത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം നല്‍കുന്നത്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ കൊവിഡ് രോഗാണുക്കള്‍ ശരീരത്ത് നീണ്ടകാലം നിലനില്‍ക്കാറുണ്ട്. ഇവരില്‍ വൈറസുകള്‍ക്ക് വകഭേദങ്ങള്‍ സംഭവിക്കുന്നതിനും തെളിവുകള്‍ അനവധിയാണ്. ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവര്‍ത്തിക്കുമ്പോഴാണ് വ്യതിയാനങ്ങള്‍ ഉണ്ടാവുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇത് ശരീരത്തിനുള്ളില്‍ മാത്രമേ സംഭവിക്കൂ, കോശങ്ങള്‍ക്ക് പുറത്ത് സംഭവിക്കാറില്ല. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവത്തില്‍ ഏറെക്കാലം അണുബാധ നിലനില്‍ക്കും, അത്തരക്കാരുടെ ശരീരത്തില്‍ വകഭേദങ്ങള്‍ സൃഷിടിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കൊവിഡ് പോസിറ്റീവ് ആയി 102 ദിവസത്തിന് ശേഷം മരണമടഞ്ഞ രോഗിയില്‍ ഇത്തരത്തില്‍ നിരവധി തവണ വൈറസിന് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ലിംഫോമയ്ക്കുള്ള കീമോതെറാപ്പിക്ക് വിധേയനായിരുന്ന എഴുപത് വയസിന് മുകളില്‍ പ്രായമുള്ള രോഗിയായിരുന്നു ഇത്.

ലിംഫ് സിസ്റ്റത്തിന്റെ കോശങ്ങളിലോ ശരീരത്തിന്റെ രോഗ പ്രതിരോധ ശൃംഖലയിലോ ആരംഭിക്കുന്ന ക്യാന്‍സറാണ് ലിംഫോമ. ക്യാന്‍സര്‍ ബാധിതരായവരില്‍, പ്രത്യേകിച്ച് ദീര്‍ഘകാല കീമോതെറാപ്പി നടത്തിയിട്ടുള്ളവരില്‍ കൊവിഡ് വൈറസിന് ഏറെനാള്‍ അതിജീവിക്കാന്‍ കഴിയും.

Top