സംസ്ഥാനത്ത് അതീവ ജാഗ്രത; നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒമിക്രോണ്‍. പുതിയ നാല് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്ത് യുകെയില്‍ നിന്ന് വന്ന ഒരാള്‍ക്കും കോംഗോയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കും ആദ്യ കേസിലെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപട്ടിക പരിശോധിച്ച് വരുകയാണ്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യമാതാവിനുമാണ് ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് വന്ന 22 വയസ്സുള്ള യുവതിയും കോംഗോയില്‍ നിന്ന് വന്ന 34 വയസുള്ള യുവാവുമാണ് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍. ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കര്‍ശനമാക്കി. കൊച്ചിയില്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കാനും ഒമിക്രോണ്‍ ജാഗതയില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

Top