ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ച ബെംഗളൂരു ഡോക്ടർ പോസിറ്റീവ് ആയ് തുടരുന്നു

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചവരിലൊരാളായ ബെംഗളൂരുവിലെ ഡോക്ടർ 7 ദിവസത്തിനു ശേഷമുള്ള പരിശോധനയിലും കോവിഡ് പോസിറ്റീവ്. വിദേശ യാത്രാപശ്ചാത്തലം ഇല്ലാത്ത ഡോക്ടറുടെ ഭാര്യയും മകളും ഉൾപ്പെടെ സമ്പർക്കത്തിലുണ്ടായിരുന്ന 5 പേർ നെഗറ്റീവാണ്.

ക്വാറന്റീനിലായിരിക്കെ ദുബായിലേക്കു കടക്കുകയും പിന്നീട് ഒമിക്രോൺ സ്ഥിരീകരിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കൻ പൗരനെതിരെയും (66) ഇയാളെ പോകാൻ അനുവദിച്ച ഷാൻഗ്രില പഞ്ചനക്ഷത്ര ഹോട്ടലിനെതിരെയും ബെംഗളൂരു പൊലീസ് കേസെടുത്തു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാലാണു പോകാൻ അനുവദിച്ചതെന്നു ഹോട്ടൽ അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്നു പിന്നീട് കണ്ടെത്തി.

മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 10 പേരുടെയും നില തൃപ്തികരമാണ്. അതേസമയം, മുംബൈയ്ക്കടുത്ത് കല്യാൺ-ഡോംബിവ്‍ലി മേഖലയിൽ വിദേശത്തുനിന്നെത്തിയ നൂറോളം പേരെ കണ്ടെത്താനാകാത്തത് ആശങ്ക സൃഷ്ടിക്കുന്നു. പലരുടെയും മൊബൈൽഫോൺ ഓഫ് ആണ്.

ഒമിക്രോണിനെതിരെ മുൻകരുതലെന്ന നിലയിൽ യുപിയിൽ ജനുവരി 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, മുൻ കോവിഡ് വ്യാപനങ്ങളിൽനിന്നു വ്യത്യസ്തമായി ഇപ്പോൾ വിമാനടിക്കറ്റുകൾ വൻതോതിൽ റദ്ദാക്കപ്പെടുന്നില്ലെന്നു വ്യോമയാന കമ്പനികളും ട്രാവൽ ഏജൻസികളും സൂചിപ്പിച്ചു. ചിലർ വിനോദയാത്രകളും മറ്റും മാർച്ച്, ഏപ്രിൽ സമയത്തേക്കു മാറ്റുന്നുണ്ട്. അതേസമയം, ടിക്കറ്റ് ബുക്കിങ്ങിൽ 15 % വരെ കുറവു വന്നതായാണു സൂചന.

Top