രാജ്യത്ത് മൂന്ന് ഒമിക്രോണ്‍ ബാധിതര്‍ കൂടി; രോഗികളുടെ എണ്ണം 36 ആയി ഉയര്‍ന്നു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും കര്‍ണാടകയിലും ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 36 ആയി. അയര്‍ലന്‍ഡില്‍ നിന്നെത്തിയ 34കാരനാണ് ആന്ധ്രപ്രദേശില്‍ ഒമിക്രോണ്‍ ബാധിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റീവായിരുന്നു.

ചണ്ഡീഗഡിലെ ബന്ധുക്കളെ കാണാന്‍ ഇറ്റലിയില്‍ നിന്ന് എത്തിയ 20കാരന്‍ ഒമിക്രോണ്‍ പോസിറ്റീവായി. നവംബര്‍ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്റീനിലായിരുന്നു. ഡിസംബര്‍ ഒന്നിന് നടത്തിയ പുനഃപരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങളില്ലാത്ത ഇയാള്‍ ഇറ്റലിയില്‍ വെച്ച് ഫൈസര്‍ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലാണ്. ഇയാളുടെ ബന്ധുക്കളും ക്വാറന്റീനില്‍ കഴിയുകയാണ്. ബന്ധുക്കളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

കര്‍ണാടകയില്‍ മൂന്നാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ 34കാരനിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഡല്‍ഹിയില്‍ രണ്ടാമത്തെ കേസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങള്‍.

Top